തിരുവനന്തപുരം.പുനസംഘടന നിർത്തിവെക്കണമെന്ന ഗ്രൂപ്പുകളുടെ നിർദ്ദേശം തള്ളി കെപിസിസി നേതൃത്വം.. സംഘടനാ തിരഞ്ഞെടുപ്പിനൊപ്പം പുനഃസംഘടനയും പൂർത്തിയാക്കുമെന്ന് കെപിസിസികെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ചു.. ഒരു വിഭാഗം നേതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് തീരുമാനം..

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന നിർത്തിവെക്കണം എന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ നിർദ്ദേശം. എന്നാൽ കെപിസിസി, ഡിസിസി പുനസംഘടന പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന നിർവാഹക സമിതിയുടെ തീരുമാനം. ഒരു വിഭാഗം നേതാക്കളുടെ കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തീരുമാനം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പും പുനഃസംഘടനയും ഒരുമിച്ച് നടത്താനാണ് തീരുമാനം. അൻപതോളം കെപിസിസി സെക്രട്ടറിമാരെ ഉടൻ നിയമിക്കാനാണ് നീക്കം. ഡിസിസി മുതൽ ബ്ലോക്ക് തലം വരെ പുനസംഘടന ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കും. കെപിസിസിയുടെ മാതൃകയിൽ ജംബോ കമ്മിറ്റികൾ ഒഴിവാക്കിയാണ് താഴെ തട്ടിലും പുനസംഘടന നടത്തുക. യൂണിറ്റ് കമ്മിറ്റികൾ വഴിയാണ് അംഗത്വ വിതരണം നടത്തുക. ബൂത്ത് കമ്മിറ്റികൾ വഴി അംഗത്വവിതരണം നടത്തണം എന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്.


അതേസമയം കെ സുധാകരൻ അനുകൂലികളുടെ കെ എസ് ബ്രിഗേഡിന് എതിരെ ഇന്നലെയും വിമർശനമുയർന്നു. യൂണിറ്റ് കമ്മിറ്റികൾ പിടിച്ചെടുക്കാനാണ് സുധാകരൻ അനുകൂലികൾ ശ്രമിക്കുന്നതെന്ന് ഗ്രൂപ്പ് നേതാക്കൾ കുറ്റപ്പെടുത്തി. ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വിളിച്ചു ചേർക്കുകയുള്ളൂ എന്നും സുധാകരൻ യോഗത്തെ അറിയിച്ചു.

സെമി കേഡർ സ്വഭാവത്തിലേക്ക് മാറുന്നതിന് ഭാഗമായി യോഗ തീരുമാനങ്ങൾ കെപിസിസി ഭാരവാഹികൾ താഴെത്തട്ടിൽ റിപ്പോർട്ട് ചെയ്യും. കഴിഞ്ഞദിവസം സമ്പൂർണ യോഗം ബഹിഷ്കരിച്ച മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ ഇന്നലെ യോഗത്തിൽ പങ്കെടുത്തിരുന്നു. പല വിഷയങ്ങളിലും അഭിപ്രായ ഐക്യത്തിൽ എത്താൻ യോഗത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്നും കെപിസിസി നിർവാഹകസമിതി യോഗം തുടരാനാണ് തീരുമാനം.