തിരുവനന്തപുരം.എക്സൈസ് തിരുവ കുറച്ച് എണ്ണ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി.

രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് പരാജയവും ഈ നീക്കത്തിന് കാരണമായി. കേരള സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

പിണറായി സർക്കാർ നികുതി കുറയ്ക്കാനല്ല ശ്രമിക്കുന്നത്.മറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെ ജനങ്ങൾക്കുവേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത സമര പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള വ്യഗ്രതയിലാണ്. കടുത്ത പ്രതിഷേധവുമായി സംസ്ഥാനത്തെമ്പാടും തെരുവിലിറങ്ങിയ കോൺഗ്രസിന്റെ സമര പോരാളികളെ കെപിസിസി അഭിവാദ്യം ചെയ്യുന്നു.നാളിതുവരെ ഇന്ധന വില വർദ്ധനവിന്റെ പേരിൽ സംസ്ഥാന സർക്കാരുകൾ ഒരുപോലെ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു.

കോവിഡ് കാലത്ത് വരുമാനം നിലച്ചു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ജനതയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ചോര ഊറ്റി കുടിക്കുകയായിരുന്നു.കേരള സർക്കാർ ഇതുവരെ നികുതി കുറയ്ക്കാൻ തയ്യാറായിട്ടില്ല. ദുരഭിമാനം വെടിഞ്ഞ് സംസ്ഥാന സർക്കാർ ഇന്ധന വിലവർദ്ധനവിലൂടെ ലഭിക്കുന്ന അധികനികുതി ഒഴിവാക്കി ജനങ്ങളുടെ ജീവിത ദുരിതം കുറയ്ക്കാൻ കേരള സർക്കാർ തയ്യാറായില്ലെങ്കിൽ സംസ്ഥാന സ്തംഭിപ്പിക്കുന്ന സമരവുമായി കോൺഗ്രസും യുഡിഎഫും മുന്നോട്ടുവരും.

എറണാകുളം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കാൻ മുന്നോട്ടുവരുന്ന ജനവഞ്ചകരെ കേരളം തിരിച്ചറിയും.

നികുതി ഭീകരതയിൽ നിന്നും കേരള ജനതയെ രക്ഷിക്കാൻ ഇനിയും വൈകിയാൽ കോൺഗ്രസിന്റെ സമര ശേഷിയെ പിണറായി കാണേണ്ടി വരുമെന്ന് സുധാകരൻ ഓർമ്മിപ്പിച്ചു.

കേരളത്തിലെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകൻ നികുതി ഭീകരതയ്ക്കെതിരെ ജയിൽ നിറയ്ക്കാനുള്ള സമരത്തിനൊരുങ്ങുകയാണ്.ജനങ്ങളോട് തെല്ലെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ ഇനിയും വൈകാതെ സംസ്ഥാന നികുതി കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകണം.ജനങ്ങളുടെ ക്ഷമയറ്റാൽ സിനിമാ നടനല്ല പിണറായി തന്നെ തെരുവിൽ കിടക്കേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.