തിരുവനന്തപുരം . അമ്പലപ്പുഴയിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  ചര്‍ച്ച ചെയ്യും.  സംസ്ഥാന സമിതി അംഗം ജി.സുധാകരനെതിരെ റിപ്പോര്‍ട്ടില്‍ നടപടി ശുപാര്‍ശയുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവും ഇന്നാരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ചര്‍ച്ചയായേക്കും  

നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്തിന് വരെ പരാതി ലഭിച്ചിരുന്നു. ഇത് പരിശോധിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ,

തെരഞ്ഞെടുപ്പിൽ ജയം ഉറപ്പിക്കുന്നതിനു സഹായകരമല്ലാത്ത ചില നിലപാടുകള്‍ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരന്റെ ഭാഗത്തു നിന്നുണ്ടായി.

തെരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിലും പരിമിതികളുണ്ടായി.ഈ വീഴ്ചകള്‍ സംസ്ഥാന കമ്മിറ്റി പ്രത്യേകം പരിശോധിക്കണo.

അവലോകന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ എളമരം കരീം, കെ.ജെ തോമസ് കമ്മിഷനും സുധാകരനെതിരായ ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നു. തെരഞ്ഞെടുപ്പില്‍ ജി.സുധാകരന്‍ നിഷേധാത്മക സമീപമാണ് സ്വീകരിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചില്ല. സ്ഥാനാര്‍ഥിക്കെതിരായി നടന്ന പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിനു പകരം മൗനിയായി.

സലാമിനെതിരേയുള്ള പോസ്റ്റര്‍ അടക്കമുള്ള പരസ്യ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ സുധാകരനാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് അതിനെ തള്ളിപ്പറയാന്‍ സുധാകരന്‍ തയാറാകാത്തതും വീഴ്ചയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുധാകരനെതിരെ പരാതി നല്‍കിയ സലാമിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. അതുകൊണ്ടുതന്നെ ജി.സുധാകരനെതിരേ കടുത്ത നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന സെക്രട്ടേറിയേറ്റ് പരിഗണിക്കുന്ന റിപ്പോർട്ടിൽ തുടർന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയാകും നടപടി അംഗീകരിക്കുക. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ അവധിയില്‍ പോയ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നതും വൈകില്ലെന്നാണ് സൂചന.

ഇ ഡി കേസില്‍ ബിനിഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനാല്‍ കോടിയേരിക്കു മുന്നില്‍  തടസ്സങ്ങളില്ല.  ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും  ശനി, ഞായര്‍ ദിവസങ്ങളില്‍  സംസ്ഥാന സമിതിയും ചേരും.  പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പും നേതൃയോഗങ്ങള്‍ വിലയിരുത്തും.