തൃശൂര്‍ .കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളാണ് ഇരുപത് ഗ്രാം എം.ഡി.എം.എ സഹിതം പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ടി തുടങ്ങിയ മയക്കുമരുന്നുകൾ വൻ തോതിൽ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി കർശന നിരീക്ഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഡാൻസാഫ് ടീമിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സംശയമുള്ള ആളുകളെയും, വാഹനങ്ങളും നിരന്തരമായി പരിശോധിച്ചതിൽ നിന്നുമാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടാനായത്.

കൊടുങ്ങല്ലൂർ സ്വദേശികളായ നിഷ്താഫിർ, അൽതാഫ്,മുഹമ്മദ് ആഷിക്ക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഇരുപത് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്നണ് മയക്കുമരുന്നെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. മയക്കുമരുന്നുമായി പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.