പാലക്കാട്: വിൽപന നടത്താൻ ശ്രമിക്കവെ നഗരത്തിൽനിന്ന് ആനക്കൊമ്പുമായി തമിഴ്‌നാട് സ്വദേശികളടക്കം മൂന്നുപേർ പിടിയിൽ.

കോയമ്പത്തൂർ സ്വദേശികളായ കറുപ്പുസ്വാമി(41), റഹ്മത്തുല്ല(43), പാലക്കാട് സ്വദേശി ഫൈസൽ(44) എന്നിവരാണ് വാളയാർ വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായത്. രണ്ട് ആനക്കൊമ്പുകളും ബാഗും ഒരു ബൈക്കും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.

സംഭവത്തിൽ വാളയാർ റേഞ്ച് ഓഫിസെർ കേസെടുത്തു. റഹ്മത്തുള്ള, ബന്ധുവായ ഫൈസലിന്റെ സഹായത്തോടെ ആനക്കൊമ്പ് വിൽക്കുന്നതിന് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് കാത്തുനിൽക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടർന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് എത്തി പിടികൂടുകയായിരുന്നു. വിൽപന നടത്തവേയാണ് മൂവർ സംഘം പിടിയിലായത്.

കുട്ടിയാനയുടേതാണ് കൊമ്പുകളെന്നാണ് നിഗമനം. കഴിഞ്ഞകാലയളവിൽ ചെരിഞ്ഞ ആനകളുടെ വിവരങ്ങൾ ശേഖരിച്ച്‌ കൂടുതൽ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.