തിരുവല്ല. മഴുവങ്ങാടിന് സമീപം എംസി റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരന്റെ കണ്ണില്‍ ഓട്ടോറിക്ഷയുടെ ചില്ല് തുളഞ്ഞു കയറി. കുടുംബത്തിലെ ആറുപേര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവല്ല എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫീസിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടില്‍ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുല്‍ (8), അലന്‍ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്ബാല തെങ്ങും പുറത്ത് വീട്ടില്‍ അനൂപ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


അലന്റെ കണ്ണിനാണ് ചില്ല് കയറി ഗുരുതര പരിക്കേറ്റത്. രാജുവിന്റെയും അതുലിന്റെയും ഇരു കാലുകള്‍ക്കും ഒടിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഏഴു പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.