വെഞ്ഞാറമ്മൂട്. സംസ്ഥാന പാതയിൽ തിരുവനന്തപുരം കിളിമാനൂർ ബൈപാസിൽ നിർത്തിയിട്ടിരുന്ന മിനിലോറിയ്ക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്.
കുളത്തുപ്പുഴ ചോഴിയക്കോട് കല്ലുകുഴിയിൽ വീട്ടിൽ നൗഷാദ് (44) ആണ് മരിച്ചത്. കുളത്തൂപ്പുഴ സ്വദേശി നിജു മുദ്ദീൻ (47), നഗരൂർ സ്വദേശി വിമൽ (32) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

കോഴി കയറ്റി വന്ന മിനിലോറി കടയിൽ ലോഡ് ഇറക്കുന്നതിനായി നിറുത്തി ഇട്ടിരിക്കുകയായിരുന്നു.ഈ സമയത്താണ് പിക്കപ്പ് നിയന്ത്രണം തെറ്റി മിനിലോറിയ്ക്ക് പിന്നിൽ ഇടിച്ചത്. കിളിമാനൂർ പോലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും സ്ഥലത്തെത്തി പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിയ്ക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.ഫയർ സ്റ്റേഷൻ ഓഫീസർ എ.ടി.ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്..