തിരുവനന്തപുരം. കെ.പി.സി.സി.യില്‍ നിന്ന് 20 വര്‍ഷം മുമ്ബ് പൊട്ടിക്കരഞ്ഞ് ഇറങ്ങിപ്പോയ താന്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് തിരിച്ചെത്തുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്.

മാനസിക ചങ്ങല പൊട്ടിച്ചാണ് താന്‍ എ.കെ.ജി സെന്ററില്‍ നിന്ന് തിരിച്ചുവരുന്നത്. അവിടെ നാവ് അനക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. കോണ്‍ഗ്രസിലായിരുന്നപ്പോഴാണ് താന്‍ കോണ്‍ഗ്രസിന്റെ കാല്‍ നൂറ്റാണ്ട് എന്ന രാഷ്ട്രീയ പുസ്തകം ഭയമില്ലാതെ രചിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനില്‍ നിന്ന് കോണ്‍ഗ്രസ് മെംബര്‍ഷിപ്പ് സ്വീകരിച്ച ശേഷം പ്രസംഗിക്കുയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസത്തെക്കുറിച്ച് നീണ്ട 20 വര്‍ഷം പഠിച്ചു. ധാരാളം മാര്‍ക്‌സിസ്റ്റ് രചനകള്‍ വായിക്കുകയും സൈദ്ധാന്തികരുമായി സംവദിക്കുകയും ചെയ്തു. പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ സി.പി.എം മാര്‍ക്‌സിസത്തില്‍ വെള്ളം ചേര്‍ത്ത് അതിനെ ഇല്ലാതാക്കി എന്നാണ് താന്‍ മനസിലാക്കിയത്. ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നേടുക എന്നതു മാത്രമാണ് ലക്ഷ്യം. അടവുനയ പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചു.

കോണ്‍ഗ്രസ് തകര്‍ന്നു എന്ന പറയുന്നതില്‍ ശരിയല്ല. കോണ്‍ഗ്രസിനെ ഒരു ജലദോഷം ബാധിച്ചിട്ടുണ്ട് എന്നതു നേരാണ്. എന്നാല്‍ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്നത് മാരകമായ രക്താര്‍ബുദമാണ്. ബംഗാളില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെങ്കില്‍ കേരളത്തില്‍ ചില്ലുകൊട്ടാരം പോലെ തകരും. ശിഷ്ടജീവിതം താന്‍ കോണ്‍ഗ്രിനുവേണ്ടി വിനിയോഗിക്കും. കെ.പി.സി.സി നല്കുന്ന ഏതു ജോലിയും ചെയ്യാന്‍ തയാറാണ്. ഇവിടെ കിടക്കുന്ന വട്ടമേശയില്‍ താന്‍ മുമ്ബ് ഉറങ്ങിയിട്ടുണ്ട്. ആ അവകാശം മാത്രമാണ് ചോദിക്കുന്നതെന്നും ചെറിയാന്‍ പറഞ്ഞു.

സി.പി.എമ്മിന് അകത്ത് നിന്ന് കോണ്‍ഗ്രസിന്റെ മഹത്വം എന്താണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ചെറിയാന്‍ ഫിലിപ്പെന്ന് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നവര്‍ക്ക് ഒരു റോള്‍ മോഡലാണ് ചെറിയാന്‍ ഫിലിപ്പ്. സമീപകാലത്ത് കോണ്‍ഗ്രസില്‍ ചിലര്‍ വിട്ടുപോയി. എ.കെ.ജി സെന്ററിന്റെ പടിക്കെട്ട് കയറുമ്‌ബോള്‍ കാലൊന്ന് ഇടറിയാല്‍ ചുമലില്‍ താങ്ങാന്‍ പോലും ആളില്ലാതെയാണ് അവരെല്ലാം കോണ്‍ഗ്രസില്‍ നിന്നും പോയത്. കോണ്‍ഗ്രസില്‍ നിന്ന് എല്ലാ സുഖവും ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണ് ചിലര്‍ കോണ്‍ഗ്രസ് വിട്ടുപോയത്. അവിടെ പോയവര്‍ക്ക് സി.പി.എം നല്‍കിയ പരിഗണന നാം കണ്ടതാണെന്നും ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് മെമ്ബര്‍ഷിപ്പ് നല്‍കി സ്വീകരിച്ച ചടങ്ങില്‍ സുധാകരന്‍ പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും നേതാക്കളുടെ വിശ്വസ്തനുമായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്തെന്നില്ലാത്ത ദുഃഖമാണ് തോന്നിയത്. എന്നാല്‍ ഇന്ന് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആഹ്ലാദവും അഭിമാനവുമുണ്ട്. ചെറിയാന്റെ മടങ്ങിവരവ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടും കരുത്തുമാണെന്നും സുധാകരന്‍ പറഞ്ഞു.