തിരുവനന്തപുരം.കെപിസിസി നിർവാഹകസമിതി യോഗത്തിൽ പരസ്പരം കൊമ്പ്കോർത്ത് കെ സുധാകരനും ബെന്നി ബഹനാനും..
പിണറായിയോട് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കേണ്ടെന്ന് സുധാകരൻ പറഞ്ഞു.
കോൺഗ്രസ് പുനസംഘടന നിർത്തിവെക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ യോഗത്തിൽ ആവശ്യപ്പെട്ടു..

യൂണിറ്റ് കമ്മിറ്റി രൂപീകരണങ്ങളിൽ നിന്നും ജനപ്രതിനിധികളെ മാറ്റിനിർത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ബെന്നി ബഹനാന്റെ വിമർശനം. യൂണിറ്റ് കമ്മിറ്റികൾ ഹൈജാക്ക് ചെയ്യാനാണ് കെ.എസ് ബ്രിഗേഡിന്റെ ശ്രമമെന്നും ബെന്നി ആരോപിച്ചു. ഇതാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്ഷുഭിതൻ ആക്കിയത്.

പിണറായിയോട് സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കേണ്ട എന്നായിരുന്നു സുധാകരന്റെ താക്കീത്. യൂണിറ്റ് കമ്മിറ്റി രൂപീകരണം പരിശീലന കളരി ആണെന്നും അവിടെ ജനപ്രതിനിധികളുടെ ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ വാദം. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് വാക്ക് തർക്കം അവസാനിപ്പിച്ചത്.


പുനസംഘടന നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മുതിർന്ന നേതാക്കളായ കെ സി ജോസഫ് , കെ. ബാബു, ടി ശരത്ചന്ദ്രപ്രസാദ്, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പുനഃസംഘടനയ്ക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് ഗ്രൂപ്പുകൾ സ്വീകരിച്ചത്. ഹൈക്കമാൻഡുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന മറുപടിയാണ് സുധാകരൻ നൽകിയത്.


അതേസമയം മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ വി എം സുധീരൻ കെ മുരളീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. പുനസംഘടനയിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. സംസ്ഥാനത്തെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുത്തു. പുനസംഘടന നിർത്തിവെക്കണമെന്ന് ഗ്രൂപ്പുകൾ കടുത്ത നിലപാട് സ്വീകരിച്ചതോടെ പുതിയ കെപിസിസി നേതൃത്വമാണ് പ്രതിസന്ധിയിലായത്.