തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട് പ്രഖാപിച്ചു. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നിലവിൽ കന്യാകുമാരി ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു.

അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുമെന്നാണു സൂചന. അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലേർട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലേർടിന് സമാനമായ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലേർട് പ്രഖ്യാപിച്ച ജില്ലകൾ (ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴസാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്)

02/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്

03/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്

04/11/2021: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

യെല്ലോ അലേർട് പ്രഖ്യാപിച്ച ജില്ലകൾ

02/11/2021: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്

03/11/2021: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം

04/11/2021: കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

05/11/2021: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്

06/11/2021: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്