തിരുവനന്തപുരം. ഒന്നര വര്‍ഷത്തിനു ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ തുറന്ന ആദ്യ ദിവസം തന്നെഒരു സ്‌കൂളിലെ എട്ട് അദ്ധ്യാപകര്‍ക്ക് കോവിഡ്.

തലസ്ഥാനത്ത് ഏറെ കുട്ടികളുള്ള കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്‌കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.സംസ്ഥാനത്ത് പലയിടത്തും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. സമഗ്രമായ വിവരം അധികൃതര്‍ ശേഖരിച്ചിട്ടില്ല.

.

വ്യാഴാഴ്ചയിലെ പൊതു അവധികൂടി കഴിഞ്ഞ് സ്‌കൂള്‍ ഇനി വെള്ളിയാഴ്ചയേ തുറക്കൂ. യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ എട്ട് അധ്യാപകരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് വ്യാപൃതരായവരാണ്.

രോഗം സ്ഥിരീകരിച്ച ആരും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയിട്ടില്ല. എന്നാല്‍, ഇവര്‍ക്ക് മറ്റ് അദ്ധ്യാപകരുമായി ശുചീകരണം നടത്തിയ ദിനങ്ങളില്‍ സമ്ബര്‍ക്കമുള്ളതിനാല്‍ സ്‌കൂളിന് അവധി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം തീരുമാനമെടുക്കുകയായിരുന്നു.

കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറിയുടെ സമീപത്തുള്ള എല്‍.പി സ്‌കൂളിലാണ് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സംസ്ഥാനത്തെ മറ്റ് ഏതാനും സ്‌കൂളുകളിലും അദ്ധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടികളില്‍ ആരിലും ആദ്യദിനത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോളജുകളില്‍ പലയിടത്തും രോഗബാധ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.