2021 നവംബര്‍ 2 ചൊവ്വ

🙏കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ ഉണ്ടായ അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ്. നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് .

🙏ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനം ഒട്ടും നല്ല ആശയമായിരുന്നില്ല എന്നും ഇരു രാജ്യങ്ങളും ഏകീകൃതമായി നിലനിന്നിരുന്നുവെങ്കില്‍ ഇന്ത്യ മെച്ചപ്പെട്ട രീതിയില്‍ മുന്നേറുമായിരുന്നുവെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ .മഹാത്മാഗാന്ധി ഒരിക്കലും രാജ്യ വിഭജനം ആഗ്രഹിച്ചിരുന്നില്ലെന്നും പക്ഷെ സാഹചര്യം വിഭജനത്തിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു.

🙏 സൗഹൃദമായ പൊതുഗതാഗതം എന്ന ആശയം നടപ്പിലാക്കാനായി ഖത്തര്‍ ഡ്രൈവറില്ലാ ഇ-ബസ് പുറത്തിറക്കി.

യുടോങ് കമ്ബനിയുടെ ഇ-ബസ് ഒരുമാസത്തെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിം. ഇനി ഇവ, വരുന്ന ഫിഫ അറബ് കപ്പില്‍ ഉപയോഗിക്കും.

🙏 മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ നീറ്റില്‍ മലയാളി വിദ്യാര്‍ഥിനിക്ക് മൂന്നാം റാങ്ക്.മുംബൈയില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ഥി കാര്‍ത്തിക ജി. നായരാണ് മൂന്നാം റാങ്ക് നേടിയത്. ഹൈദരാബാദ് സ്വദേശിയായ മൃണാല്‍ കുട്ടേരിക്കാണ് ഒന്നാം റാങ്ക്. തന്മയി ഗുപ്ത രണ്ടാം റാങ്ക് നേടി. ആദ്യ മൂന്നു റാങ്കുകാരും പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടി.
രാജ്യത്തെ 83,075 മെഡിക്കല്‍ സീറ്റുകളിലേക്കും 26,949 ഡെന്റല്‍ സീറ്റുകളിലേക്കും 52,720 ആയുഷ് സീറ്റുകളിലേക്കുമായിരുന്നു പരീക്ഷ. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണു കാര്‍ത്തികയുടെ പിതാവ്. അമ്മ അധ്യാപികയാണ്.

🙏 കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ക്ക് സംഭവിക്കുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2070 ഓടെ ഇന്ത്യ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യ എന്ന് നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.

🙏 കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍നിന്നും ഡ്രൈവറില്ലാതെ ബസ് ഓടിയെത്തി വീട്ടുമുറ്റത്ത് പതിച്ചു. ഡിപ്പോയില്‍നിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞ് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കെത്തിയത്.ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോള്‍ പമ്ബിലേക്ക് ഡീസലടിക്കാന്‍പോയ മറ്റൊരു ബസ്സിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഹൈവേയില്‍ ട്രാന്‍സ്ഫോര്‍മറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈസമയം റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ അപകടമൊഴിവായി.

🙏 മാളയില്‍ സിനിമാ നടന്‍ ജോജു ജോര്‍ജ്ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.

വലിയപറമ്ബില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജിന്റോ ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍രാജ് അധ്യക്ഷത വഹിച്ചു.

🙏 ഒന്നര വര്‍ഷത്തിനു ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ തുറന്ന ആദ്യ ദിവസം തന്നെ എട്ട് അദ്ധ്യാപകര്‍ക്ക് കോവിഡ്.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്‌കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചു.വ്യാഴാഴ്ചയിലെ പൊതു അവധികൂടി കഴിഞ്ഞ് സ്‌കൂള്‍ ഇനി വെള്ളിയാഴ്ചയേ തുറക്കൂ. യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ എട്ട് അധ്യാപകരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് വ്യാപൃതരായവരാണ്.

🙏 മോൻ്‍സണ്‍ പീഡിപ്പിച്ചെന്ന പോക്സോ കേസിലെ അതിജീവിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് മെഡിക്കല്‍കോളജ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തു. മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് തേടുന്നത്.

🙏 ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും . വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം തന്ത്രി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. വൈകിട്ട് ഒമ്ബതിന് പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും.

🙏 കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്‍റെ സംസ്കാരം ഇന്ന് നടക്കും.ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. അതേസമയം, അന്‍സിയുടെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.