തൃശ്ശൂർ . കേരളം തീവ്രവാദികളുടെ വിഹാരകേന്ദ്രമായി മാറിയതിൻ്റെ തെളിവാണ് ചാവക്കാട് ബിജുവിൻ്റെ കൊലപാതകമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ചാവക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ബിജുവിൻ്റെ മൃതശരീരം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം തകർത്ത് കലാപമുണ്ടാക്കി രാജ്യത്ത് അരാജകത്വം ഉണ്ടാക്കുകയെന്നതാണ് SDPl പോലുള്ള സംഘടനകളുടെ ലക്ഷ്യം. ആ ശ്രമത്തിൻ്റെ ഭാഗമായാണ് നിരപരാധിയായൊരു ബിജെപി പ്രവർത്തകനെ തെരെഞ്ഞ് പിടിച്ച് കൊലപ്പെടുത്തിയത്. ഈ സംഘടനകളെ സംസ്ഥാന സർക്കാർ കയറൂരി വിട്ടിരിക്കുകയാണ്. സിപിഎമ്മുമായി ഇവർ ഒരു സംഘർഷത്തിലും ഏർപ്പെടുന്നില്ല. ഇവരുടെ അക്രമത്തിന് ഇരയാവുന്നവരെല്ലാം സി പി എം ഇതര പാർട്ടികളിൽ പെട്ടവരാണ്. തീരദേശ മേഖലയിൽ സ്ഥിതി സ്ഫോടനാത്മകമാണെന്നും കേരളത്തെ കാശ്മീരാക്കാനുള്ള വിഘടനവാദികളുടെ ശ്രമത്തെ ചെറുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും കുമ്മനം പറഞ്ഞു.

അടുത്തയിടെ 3 കൊലപാതകങ്ങളാണ് തൃശ്ശൂര്‍ ജില്ലയിൽ SDPl നടത്തിയത്.അക്രമം തുടർക്കഥയായിട്ടും ഇതിനെ അമർച്ച ചെയ്യാൻ ശ്രമിക്കാതെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടരുതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.