കൊച്ചി. ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ എതിര്‍ത്തതിന്റെ പേരില്‍ ആക്രമണത്തിനിരയായ നടന്‍ ജോജു ജോര്‍ജ്ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം.


ജോജു മദ്യപിച്ച് അക്രമം കാണിക്കുകയും വനിതാപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അടക്കം ആരോപിച്ചിരുന്നത്. ജോജുവിന്റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടയുകയും തല്ലിപ്പൊളിക്കുകയും ചെയ്തു.


സ്ഥലത്തുനിന്ന് പൊലീസ് ആണ് ജോജുവിനെ രക്ഷിച്ചത്. താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചുവര്‍ഷമായെന്നും വൈദ്യപരിശോധന നടത്തി താന്‍ മദ്യപിച്ചില്ലെന്ന് തെളിയിക്കേണ്ടത് തന്റെ ആവശ്യമാണെന്നും ജോജു പ്രതികരിച്ചിരുന്നു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൈയിലേറ്റമുറിവിന് മരുന്നുവയ്ക്കുകയും ശരീരത്തിലെ ലഹരി അംശം കണ്ടെത്താനുള്ള പരിശോധന നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഫലമാണ് ജോജുവിന് മദ്യലഹരിയുണ്ടായിരുന്നില്ലെന്ന് തെളിയിച്ചത്.

രാവിലെ വൈറ്റിലയില്‍ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ എല്ലാ റോഡിലും നിര്‍ത്തി ഇറങ്ങിപ്പോയാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. അപ്രതീക്ഷിത സമരത്തില്‍ ആശുപത്രിയിലേക്കുള്ള രോഗികള്‍ അടക്കം വലഞ്ഞു.ജനവിരുദ്ധമായ സമരം നടത്തിയതുവഴി പുലിവാലുപിടിച്ചതു കൂടാതെ പ്രതികരിച്ചതിന് ജോജുവിനെ അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് കോണ്‍ഗ്രസിന് കടുത്ത അപമാനമാണ് വരുത്തിവച്ചിരിക്കുന്നത്.