കൊച്ചി. മദ്യപിച്ചിരുന്നില്ലെന്നും ഒരു സ്ത്രീകളോടും മര്യാദകേടായി പെരുമാറിയിട്ടില്ലെന്നും നടന്‍ ജോജു ജോര്‍ജ്ജ് പറഞ്ഞു.
പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയശേഷം ആശുപത്രിയിലെത്തിച്ച് ലഹരി പരിശോധനയും കൈയിലേറ്റ മുറിവിന് പ്രഥമശുശ്രൂഷയും നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോജു.

താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചുവര്‍ഷമായി. തന്റെ വാഹനത്തിനുമുന്നില്‍ കീമോ തെറാപ്പിക്ക് കൊണ്ടുപോയിരുന്ന കുട്ടിയുണ്ടായിരുന്നു. എല്ലാ വര്‍ക്കും എസിയിട്ട് കാറിലിരിക്കാനാവില്ല, കാറിലിരുന്നു വിയര്‍ത്തു വലഞ്ഞവരുണ്ട്. അവിടെ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നു തോന്നിയവരോട് നിങ്ങള്‍ കാണിക്കുന്നത് പ്രോക്രിത്തരമാണ് എന്നു പറഞ്ഞത് ശരിയാണ്. അത് വനിതകളായിരുന്നില്ല. എനിക്ക് അമ്മയും പെങ്ങളും ഭാര്യയും മകളുമുള്ളയാളാണ്. ഞാന്‍ ഒരു സ്ത്രീയോടും മര്യാദകേടായി പെരുമാറിയിട്ടില്ല.

ഇത്തരത്തില്‍ ഒരു പാര്‍ട്ടിയും സമരം ചെയ്യാന്‍ പാടില്ല. തന്റെ അപ്പനും അമ്മക്കും പറഞ്ഞ് അസഭ്യം പറയേണ്ട കാര്യമില്ല. അമ്മ കോണ്‍ഗ്രസുകാരിയാണ്. നാട്ടില്‍ നടന്ന ഒരു അന്യായത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തനിക്ക് ഈ ബുദ്ധിമുട്ടുണ്ടായത്.


തന്‍റെ വാഹനം തകര്‍ത്തു. ഇതിന്‍റെ പേരില്‍ ഇനി ഒരു പത്രക്കാരും തന്നെ വിളിക്കരുത്. ഷോ കാണിക്കാനാണ് താന്‍ സിനിമയിലെത്തിയത്. ഇനി വേറെ ഷോയുടെ ആവശ്യമില്ലെന്നും ജോജു പ്രതികരിച്ചു.


പ്രതിഷേധത്തിനായി 1500ഓളം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രവര്‍ത്തകര്‍ റോഡ് തടയുകയായിരുന്നു.
സമരത്തിന് മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ജോജു മദ്യപിച്ച് വനിതാപ്രവര്‍ത്തകരോട് അസഭ്യം പറഞ്ഞതിനാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്ന് സമരം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളാട് പ്രതികരിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ജോജുവിന് ഒപ്പം വന്നതെന്നും എല്ലാവരും മഹാത്മാഗാന്ധിആയിരിക്കില്ലല്ലെ എന്നും കൊടിക്കുന്നില്‍ പറഞ്ഞു.