കൊച്ചി . ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ എഫ് ഐ ആര്‍ ഹൈക്കോടതിറദ്ദാക്കി .

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെജഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ എട്ട് കോടി രൂപ വിലയുള്ള ഡ്രെഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയെന്നും ഇതില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നും എഫ്ഐആറിലെ ആരോപണം.

ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് തോമസിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഈ റിപ്പോര്‍ട്ട് മുന്‍പ് സര്‍ക്കാര്‍ തള്ളിയതായിരുന്നു. ഇതേ ആരോപണങ്ങള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാല്‍, സര്‍ക്കാരുമായി ജേക്കബ് തോമസ് ഇടഞ്ഞതോടെ 2019 ജൂലായിലാണ് റിപ്പോര്‍ട്ടില്‍ വീണ്ടും അന്വേഷണമുണ്ടായതും എഫ്ഐആര്‍ സമര്‍പ്പിച്ചതും.