കൊച്ചി.മോഹന്‍ലാല്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍.

പ്ലാറ്റ്ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ‘ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍’ എന്ന പേജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മരക്കാറിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരും ഇന്നലെ നടത്തിയ ചര്‍ച്ചയും ഫലവത്താവാതെ പിരിഞ്ഞിരുന്നു.


ഫിലിം ചേംബർ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ 600 സ്‌ക്രീനുകളിൽ മരയ്‌ക്കാർ പ്രദർശിപ്പിക്കുന്നതിന് നിർമാതാവ് ആവശ്യപ്പെട്ട മിനിമം ഗ്യാരണ്ടി തുക നൽകാൻ കഴിയില്ല. പത്തുകോടിയോ അതിലധികമോ നിർമാതാവിന് മുൻകൂർ തുക നൽകും. മിനിമം ഗ്യാരണ്ടിയെന്ന വ്യവസ്ഥ എവിടെയുമില്ലെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു.

തനിക്ക് തീയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഓരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല.

ലാഭം വന്നാൽ ലാഭ വിഹിതം നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ചത്.തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം ഒടിടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. എന്നാല്‍ തിയറ്ററുടമകളില്‍നിന്നും ഈ ആവശ്യങ്ങളോട് പൂര്‍ണമായ പ്രതികരണം ഇല്ല. സചര്‍ച്ചക്ക് സര്‍ക്കാര്‍ നേരിട്ട് എത്താന്‍ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാന്‍പ്രതികരിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍. ഇത്തവണത്തെ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലായി ആറ് പുരസ്‌കാരങ്ങളും ചിത്രം നേടി.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.