തിരുവനന്തപുരം . പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ മിന്നല്‍ പരിശോധന…നാളെ മുതൽ റസ്റ്റ് ഹൗസുകളില്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു സന്ദർശനം…സജ്ജീകരണത്തിന് അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്കും മന്ത്രി നിർദ്ദേശം നൽകി…


പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത്- ടൂറിസം വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ നടത്തിയത്. ജനങ്ങള്‍ക്ക് താമസിക്കാന്‍‍ കഴിയുന്ന തരത്തില്‍ ഇവ സജ്ജമാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലായോ എന്ന് പരിശോധിക്കാനായിരുന്നു തലസ്ഥാനത്തെ റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നൽ പരിശോധന. റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ വിശദമായി മന്ത്രി നോക്കികണ്ടു.

റസ്റ്റ് ഹൗസിലെ സാഹചര്യത്തില്‍ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ശുചിത്വം ഉറപ്പു വരുത്താന്‍ നേരത്തെ തന്നെ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇവിടുത്തെ സാഹചര്യമെന്ന് മുഹമ്മദ്‌ റിയാസ് പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനും, സ്ഥലത്തു വച്ചു തന്നെ മന്ത്രി, ബില്‍ഡിംഗ് ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.