ഒക്ടോബര്‍ 31 ഞായര്‍ 2021

🙏കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക.

🙏ഉരുക്കുവനിതയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇന്‍ഡ്യയുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചിട്ട് 37 വര്‍ഷം.

🙏ജോസ് കെ. മാണിയുടെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മൂന്ന് ഇടത് എം.എല്‍.എമാര്‍ ഹൈകോടതിയില്‍.
10 മാസം മുമ്ബ് ഒഴിഞ്ഞ സീറ്റില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, വി.ആര്‍. സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹരജി നല്‍കിയത്.

🙏ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നു.
ആദ്യഘട്ടത്തില്‍ ഒന്നുമുതല്‍ ഏഴുവരെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികള്‍ക്കാണ് അധ്യയനം. കുട്ടികളെ സ്വീകരിക്കാന്‍ ഒരു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങളിലൂടെ സ്‌കൂളുകള്‍ ഏറക്കുറെ സജ്ജമായിക്കഴിഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ, ഗതാഗതവകുപ്പ് ജീവനക്കാര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളിലാണ്.

🙏സംസ്ഥാനത്ത് ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തെക്കന്‍ തീരത്തോട് അടുക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

🙏സ്വകാര്യ ബസുകള്‍ വീണ്ടും ഷെഡിലേക്ക്; നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസ് നിര്‍ത്തും.

🙏ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോകറന്‍സിയുടെ വ്യാപാരത്തിനായി പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.നിലവിലുള്ള നിരോധനത്തില്‍ ഇളവ് വരുത്തിയാവും കേന്ദ്രസര്‍ക്കാര്‍ ക്രിപ്‌റ്റോയുടെ വ്യാപാരത്തിനായി പുതിയ നയം രൂപീകരിക്കുക. ലോകത്ത് നിരവധി ക്രിപ്‌റ്റോ കറന്‍സികളുണ്ടെങ്കിലും ഇതൊന്നും ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍, രാജ്യത്തെ പൗരന്‍മാര്‍ ക്രിപ്‌റ്റോ കറന്‍സിയുടെ വ്യാപാരം വിവിധ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തുന്നുമുണ്ട്.ആര്‍.ബി.ഐയും സെബിയും ഇതുവരെ ക്രിപ്‌റ്റോ കറന്‍സിയെ അംഗീകരിച്ചിട്ടില്ല. ക്രിപ്‌റ്റോയെ ഒരു നിക്ഷേപമായി അംഗീകരിക്കാന്‍ ആര്‍.ബി.ഐയും ഉല്‍പന്നമായി പരിഗണിക്കാന്‍ സെബിയും തയാറായിട്ടില്ല.

🙏മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചുനിര്‍ത്താനുള്ള ജലമൊഴുക്കല്‍ തുടരുന്നു.ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാടിന് സാധിച്ചിട്ടില്ല.ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ സെക്കന്‍ഡില്‍ 2974 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്

🙏ലഹരി മരുന്ന് കേസിലെ കള്ളപ്പണ – ബിനാമി ഇടപാടില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും.

🙏രാവിലെ 9.30 ന് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്. കേരളത്തിലെത്തിയ ശേഷം ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നു സൂചന നല്‍കി. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും, പിന്നില്‍ ബി ജെ പിയാണെന്നും ബിനീഷ് കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു.