ഇടുക്കി . മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം മുന്നോട്ട് വച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ പാട്ടിയായ ഡി എം കെയുടെ ഇടുക്കി ജില്ലാ ഘടകം. വിഷയം എം കെ സ്റ്റാലിനെ നേരില്‍ കണ്ട് അറിയിക്കുമെന്നും കൂടികാഴ്ചയ്ക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും ഡി എം കെ ഇടുക്കി ജില്ലാ സെക്രട്ടറി ടെലിവിഷന്‍ മാധ്യമത്തോട് പറഞ്ഞു.

തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ ഡി എം കെയും. എ ഐ എ ഡി എം കെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരുവിധ പ്രതികരണവും നടത്തിയിരുന്നില്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം എന്ന ആവശ്യം മുന്നോട്ട് വച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ ഡി എം കെയുടെ ഇടുക്കി ജില്ലാ ഘടകം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തയാഴ്ച സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനും തമിഴ്നാടിനും ദോഷകരമല്ലാത്ത തീരുമാനം എടുക്കണമെന്നും ഒപ്പം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച ആവശ്യം അറിയിക്കുമെന്നും ഡി എം കെ ഇടുക്കി ജില്ലാ സെക്രട്ടറി ഫിലിപ്പ് എബ്രഹാം പറഞ്ഞു.

തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ആവശ്യം ശക്തമാകുന്ന സമയത്ത് ഇതേ ആവശ്യം തന്നെ എം കെ സ്റ്റാലിനെ നേരില്‍ കണ്ട് അറിയിക്കുമ്പോള്‍ അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡി എം കെ ജില്ലാ നേതൃത്വം. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തുന്നതിന് എ ഐ എ ഡി എം കെ തയ്യാറായിട്ടില്ല.