മലപ്പുറം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മൂത്തേടം സ്വദേശി കറുമ്ബശ്ശേരി ഷണ്‍മുഖദാസി(55)നെയാണ് പിടികൂടിയത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്തിന്‍കടവ് സ്വദേശിയായ 40കാരിയെ കഴിഞ്ഞദിവസം മൂത്തേടം കുറ്റിക്കാടില്‍ വച്ചാണ് പ്രതി ആക്രമിച്ചത്.

യുവതിയുടെ പിന്നിലൂടെയെത്തിയ ഇയാള്‍ യുവതിയെ കയറിപ്പിടിച്ചു. തുടര്‍ന്ന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു. ശബ്ദം കേട്ട് സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടുപേരാണ് രക്ഷക്കെത്തിയത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ മുമ്ബും ഇത്തരം സംഭവങ്ങളില്‍ പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ നിലമ്ബൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.