തിരുവനന്തപുരം. മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു. ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവിടെത്തന്നെയുണ്ടാകേണ്ടതാണ്. രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.

ആദ്യം പഴയ അത്യാഹിത വിഭാഗമാണ് മന്ത്രി സന്ദര്‍ശിച്ചത്, തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവ സന്ദര്‍ശിച്ചു. രോഗികളുടേയും ജീവനക്കാരുടേയും സൗകര്യങ്ങളും അസൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളില്‍ മന്ത്രി നിര്‍ദേശം നല്‍കി. പഴയ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി പലരും പറഞ്ഞു. കോവിഡ് കുറഞ്ഞ് വരുന്നതിനാല്‍ അത്യാഹിത വിഭാഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗം വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗമാണ് വിളിച്ചത്. മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രിയില്‍ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാണ് യോഗം വിളിച്ചത്.

ഡ്യൂട്ടിയെടുക്കാതെ ചിലര്‍ മാറി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ കാരണം വിശദമാക്കണമെന്ന് നിര്‍ദേശം നല്‍കി. ഡ്യൂട്ടിയിലുള്ളവരുടെ പേര് വിവരങ്ങള്‍ ഇനിമുതല്‍ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണം. ഇവര്‍ ഡ്യൂട്ടിയെടുക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.