മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി.

രാത്രി ഒമ്പത് മണിയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി. രണ്ടാം നമ്പര്‍ ഷട്ടറാണ് രാത്രി 9 മണിയോടെ ഉയര്‍ത്തിയത്. ഇതിലൂടെ സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം കൂടി ഒഴുക്കി വിടും. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടി ആയി ഉയരും. നിലവില്‍ 2,3,4 ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ ഷട്ടര്‍ ഉയര്‍ത്തി എങ്കിലും ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ജാഗ്രത തുടരണമെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തില്‍ എത്തിയത്. ഉടുമ്പന്‍ചോലയില്‍ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്. മുല്ലപ്പെരിയാറില്‍നിന്നും നിലവില്‍ സെക്കന്‍ഡില്‍ 14,000 ലിറ്റര്‍ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാല്‍ സാവധാനമാണ് ഒഴുക്ക്.

ചെറിയതോതില്‍ മാത്രം വെള്ളം എത്തുന്നതിനാല്‍ ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് നേരിയ തോതില്‍ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്. ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.