തിരുവനന്തപുരം.മൂന്നു സെന്‍റ് ഉടമയായ വിധവയുടെ കൈയില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റൻ്റ് പിടിയിൽ. പിടിയിലായത് വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റൻ്റ് മാത്യു. വസ്തുവിന്‍റെ കരം ഒടുക്കാന്‍ സഹായിക്കുന്നതിനായിരുന്നു കൈക്കൂലി.

കൈക്കൂലിയായി വാങ്ങിയ 15,000 രൂപ വിജിലൻസ് പിടിച്ചെടുത്തു.

മൂന്ന് സെന്റ് ഭൂമിയുടെ കരമടക്കാന്‍ വന്ന വിധവയുടെ പേരിലുള്ള വസ്തുവിന് വര്‍ഷങ്ങളുടെ കരം കുടിശ്ശികയുണ്ടായിരുന്നു. ഈ ഭൂമി മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായാണ് ഇവര്‍ കരമടക്കാന്‍ വന്നത്. ആദ്യം 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട് മാത്യു ഒടുവില്‍ 15,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരി വിവരം വിജിലന്‍സ് ഡി വൈ എസ് പിയെ അറിയിച്ചതിനെത്തുടര്‍ന്ന് പേരൂര്‍ക്കടയില്‍ വെച്ച് കൈക്കൂലി പണം കൈമാറവെയാണ് ഇയാളെ പിടികൂടുന്നത്.