ഡോ . ശ്രീകുമാർ . ജെ
സീനിയർ കൺസൾട്ടന്റ്‌ ന്യൂറോളജിസ്റ്റ് , വിവി ന്യൂറോക്ലിനിക്‌ , കൊല്ലം

സ്തിക്ഷ്ക്കാഘാതം അഥവാ സ്ട്രോക്ക് ലോകത്തു തന്നെ മരണകാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് .ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ ഈ അസുഖം പ്രതിവർഷം 1.8 ദശലക്ഷം വ്യക്തികളെ ബാധിക്കുകയും 7 ലക്ഷത്തോളം ആൾക്കാരിൽ മരണകാരണമാകുകയും ചെയ്യുന്നുണ്ട്.ഇത് തിരിച്ചറിഞ്ഞ് ഈ രോഗാവസ്ഥയെപ്പറ്റി ആളുകളിൽ അവബോധം വർധിപ്പിച്ചാൽ സമയം പാഴാക്കാതെ ചികിത്സ തേടേണ്ട ആവശ്യകത മനസ്സിലാകും. ഈ സന്ദേശത്തിന്‍റെ പ്രചരണം കൂടിയാണ് ഈ വർഷം ലോകപക്ഷാഘാത ദിനം ലക്ഷ്യമിടുന്നത്.മരണത്തെക്കാളുപരി വലിയ ദുഷ്കരമായ അവസ്ഥയാണ് സ്ട്രോക്ക് വന്നു പോയവരും കുടുംബങ്ങളും അനുഭവിക്കേണ്ടി വരുന്നത്. നാലിൽ ഒരാൾക്ക് ജീവിതത്തിൽ ഒരുതവണ എങ്കിലും പ്രായഭേദമന്യേ സ്ട്രോക്ക് വരാനുള്ള സാധ്യത ഉണ്ടെന്നുള്ള വസ്തുത സ്ട്രോക്ക് ബോധവത്കരണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു .


ഈ വർഷം ബോധവത്കരണത്തിന്റെ ഭാഗമായി വിലപ്പെട്ട സമയം പാഴാകാതിരിക്കാൻ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കുട്ടികൾ മുതൽ പ്രായമായവർ വരെ താഴെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതു അത്യാവശ്യമാണ് .

 1. ഏതു പ്രായക്കാരെയും ബാധിക്കാവുന്ന അസുഖമാണ് സ്ട്രോക്ക് അഥവാ മസ്തിക്ഷ്കാഘാതം എന്നറിയുക . 20 % സ്ട്രോക്ക് ചെറുപ്പക്കാരിലാണ് കാണുക .

 2. 2. അമിത രക്തസമ്മർദ്ദം , ഡയബിറ്റിസ് , രക്തത്തിലെ അമിത കൊഴുപ്പു , ഹൃദയമിടിപ്പിൽ ഉള്ള വ്യതിയാനങ്ങൾ , വാൽവുകളിലെ തകരാറുകൾ , രക്തകുഴലിലെ കൊഴുപ്പടിയൽ പുകവലി ,മദ്യപാനം , അമിതവണ്ണം , ശരിയായ വ്യായാമം ഇല്ലായ്മ ഇവയാണ് സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങൾ . ഇവ നിയന്ത്രിച്ചാൽ ഒരു പരിധിവരെ പക്ഷാഘാതം തടയാൻ കഴിയും
 3. രോഗലക്ഷണങ്ങൾ പ്രധാനമായും മുഖം ഒരു വശത്തേക്ക് കോടുക , സംസാരശേഷി നഷ്ടപെടുക, ഒരു വശത്തുണ്ടാവുന്ന തളർച്ച , കണ്ണിൽ കർട്ടൻ വീഴുന്നപോലെ കാഴ്ച മങ്ങുക ,പെട്ടെന്നുണ്ടാകുന്ന തലവേദന , ബാലൻസ് ഇല്ലായ്മ , തലകറക്കം , സംസാരകുഴച്ചിൽ ഇവയാണ് .ഇവ പെട്ടെന്ന് തിരിച്ചറിയാൻ കഴിയണം . ചില ആൾക്കാരിൽ ഈ ലക്ഷണങ്ങൾ വന്നു പെട്ടെന്ന് മാറുന്ന അവസ്ഥയുണ്ട് . അതിനു TIA എന്നാണ് പറയുക . ഈ രോഗികൾ ചികിത്സ തേടാൻ ഒട്ടും വൈകരുത് .
 4. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ നഷ്ട്ടപ്പെടുത്തുന്ന ഓരോ മിനുട്ടിലും 2 മില്യൺ നാഡീകോശങ്ങൾ നഷ്ട്ടപെടുന്നത് സ്ട്രോക്ക് രോഗത്തിൽ സമയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു

 5. 5. 80% സ്ട്രോക്കുകളും തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ഉണ്ടാവുന്ന രക്തക്കട്ട കാരണമാണ് . 20% രക്തക്കുഴൽ പൊട്ടുന്നതു മൂലമുള്ള രക്തസ്രാവം മൂലമാണ് . ഇത് തമ്മിൽ തിരിച്ചറിയാൻ എത്രയും വേഗം തലയുടെ സ്കാൻ അത്യാവശ്യമാണ് .രണ്ടിന്റെയും ചികിത്സ വ്യത്യസ്തമാണ് .

 6. 6. രോഗലക്ഷണം തിരിച്ചറിഞ്ഞാൽ വളരെ വേഗം അടുത്തുള്ള പക്ഷാഘാത ചികിത്സാകേന്ദ്രത്തിൽ എത്തിക്കുക . കഴിവതും കിടത്തി മാത്രമേ രോഗിയെ എത്തിക്കാവു എന്നോർക്കുക .
 7. ആദ്യത്തെ 90 മിനിറ്റ് മുതൽ 6 മണിക്കൂർവരെ രക്തക്കട്ട അലിയിക്കാനുള്ള മരുന്നുകൾ ലഭ്യമാണ് .
  തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിൽ രക്തക്കട്ട ഉള്ളതായി സ്കാനിൽ കണ്ടാൽ അത് വലിച്ചെടുക്കാൻ ഉതകുന്ന ആസ്പിരേഷൻ സ്റ്റെന്റുകൾ ഇപ്പോൾ ലഭ്യമാണ് . ഇത് അസുഖം തുടങ്ങി 24 മണിക്കൂർ വരെ ഉപയോഗപ്രദമാണ് എന്നാണ് പഠ നങ്ങൾ കാണിക്കുന്നത് .ഇത്തരം ചികിത്സകൾ ലഭ്യമാക്കുന്ന പരിപൂർണ സ്ട്രോക്ക് കെയർ സെന്ററുകളുടെ എണ്ണം കൂട്ടേണ്ടതുണ്ട് .

 8. 8.ന്യൂറോളജിസ്റ് , ന്യൂറോസർജൻ , ആധുനിക ഫിസിയോതെറാപ്പി സംവിധാനങ്ങൾ , സ്പീച്ച്‌ തെറാപ്പി , തൊഴിലിലെക്ക്‌ തിരികെ കൊണ്ട് വരുന്ന തെറാപ്പികൾ , പിന്നെയും പക്ഷാഘാതം വരാതിരിക്കാനുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കാനുള്ള ക്ലാസുകൾ ,ഇവ ചേരുന്ന ഒരു കൂട്ടായ്മയിലുള്ള ചികിത്സ സൗകര്യം സ്ട്രോക്ക് ചികിത്സയിൽ വൻ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട് .
  എങ്കിലും സ്ട്രോക്ക് സമയത്തു തിരിച്ചറിയാനുള്ള അവബോധവും തിരിച്ചറിഞ്ഞാൽ വിലപ്പെട്ട സമയം കളയാതിരിക്കാനുള്ള ബോധവും , തടയാൻ ശ്രദ്ധിക്കേണ്ട നിഷ്ട്കളും അറിഞ്ഞെങ്കിൽ മാത്രമേ ഈ രോഗാവസ്ഥയെ പിടിച്ചുനിർത്താൻ കഴിയുകയുള്ളു എന്ന് മനസിലാക്കുക.