കൊച്ചി. മോന്‍സന്റെ വീട്ടില്‍ പോയ മുന്‍ ഡി ജി പി ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേ, മോന്‍സന്റെ വീട്ടിലെ ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല? ഇതെന്ത് പൊലീസ് എന്ന് സര്‍കാരിനോട് ഹൈകോടതിയുടെ ചോദ്യം. മോന്‍സന്‍ കേസിലെ സര്‍ക്കാര്‍ സത്യവാങ് മൂലത്തെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.

കേസില്‍ ഐ ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും കോടതി നിരീക്ഷിച്ചു.

നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ എന്നും കോടതി ചോദിക്കുന്നു. എ ഡി ജി പിയെയും ഡി ജി പിയെയും ആരാണ് മോന്‍സന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. മോന്‍സണെപ്പറ്റി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്ത് കോടതിമുമ്പില്‍ കാണിക്കാനും നിര്‍ദ്ദേശിച്ചു.

ഇവര്‍ ആര് ക്ഷണിച്ചിട്ടാണ് പോയത്? 2019 മെയ് മാസം 11-ാം തിയതിയാണ് മോന്‍സനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോന്‍സന്‍ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. മോന്‍സനെതിരെ സംശയം ഉണ്ടായിട്ടും പൊലീസ് എന്തിന് സംരക്ഷണം നല്‍കി. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് പൊലീസ് അന്വേഷിച്ചാല്‍ മതിയാകുമോ എന്നും കോടതി ചോദിച്ചു.

മോന്‍സന്‍ കേസില്‍ പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈകോടതി ഈ ചോദ്യങ്ങളെല്ലാം ഉയര്‍ത്തിയത്. സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.