👆 കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

👆പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തു, ഏറെ വിവാദമായ ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ നടപടി സ്വീകരിച്ച് സി.പി.എം. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.
ഈ വിഷയം പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ നശിപ്പിക്കുന്ന രീതിയില്‍ മാറിയെന്നും ജയചന്ദ്രന് ശരിയായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യാമായിരുന്നെന്നും പാര്‍ട്ടിക്കാകെ പ്രതിരോധത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ നിലപാടെടുത്തു. നേതാക്കള്‍ തന്നെ തിരിഞ്ഞുകൊത്തിയതോടെയാണ് ജയചന്ദ്രന് നില്‍ക്കക്കള്ളിയില്ലാതെയായത്. വിഷയത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

👆സംസ്ഥാനത്ത് നോക്കുകൂലി തടയാൻ വീണ്ടും സർക്കാർ ഇടപെടൽ.നോക്കുകൂലി തടയാൻ സംസ്ഥാനതലത്തിൽ തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ലേബർ സെക്രട്ടറിയും കമ്മീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. ജില്ലാതലങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും പങ്കെടുക്കുന്ന യോഗങ്ങളും വിളിച്ച് ചേർക്കും.
നോക്കു കൂലിക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.

👆ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ഒമാനില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബിസി അറിയിച്ചു. ഒമാന്‍ എത്തുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്‌ബെങ്കിലും കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നാണ് നിര്‍ബന്ധന. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമടക്കമുള്ള മറ്റു കോവിഡ് മുന്‍കരുതലുകളും നടപടികളും അതേപടി തുടരുന്നതാണെന്നും ഇന്ത്യന്‍ എംബിസി അറിയിച്ചു.

👆മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ദേവദാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തില്‍ താഴേക്ക് വരുമ്‌ബോള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

👆പീഡനത്തിനിരയായ 17കാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചു. മലപ്പുറം കോട്ടക്കലിലാണ് പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പ്രസവരീതി മനസിലാക്കി സ്വയം കൃത്യം നടത്തിയത്. വീട്ടുകാര്‍ അറിയാതെയാണ് പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. ഈ മാസം 20നാണ് സംഭവം നടക്കുന്നത്. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി വിവരം വീട്ടില്‍ മറച്ചുവെച്ചു. 23-ാം തീയതിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

👆കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ പൊതുജനങ്ങള്‍ക്കെതിരെ ചുമത്തിയ മൂന്ന് ലക്ഷം കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
പകര്‍ച്ച വ്യാധി നിയമപ്രകാരവും ഐപിസി 188 പ്രകാരവും എടുത്ത കേസുകളാണ് പിന്‍വലിച്ചത്. ഇത്തരം കേസുകളില്‍ മേലുള്ള എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകള്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

👆ഭാര്യയുടെ അന്ത്യാഭിലാഷം സാധിക്കാനായി യുവാവ് പതിനേഴ് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുള്ള മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് ഝാര്‍ഖണ്ഡ് സ്വദേശി സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ചത്.
രശ്മി പ്രഭ എന്ന സ്ത്രീ ഈ ക്ഷേത്രത്തിലെ കടുത്ത വിശ്വാസിയായിരുന്നു. സ്ഥിരമായി ഈ ക്ഷേത്രത്തില്‍ വരാറുമുണ്ടായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന അവര്‍ മരിക്കും മുന്‍പ് തന്റെ ആഭരണങ്ങള്‍ ഈ ക്ഷേത്രത്തില്‍ സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചു. അക്കാര്യം അവര്‍ തന്റെ ഭര്‍ത്താവിനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

👆ഉമ്മൻചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു നേതാക്കൾ.ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.നേരത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ്സിലേക്ക് സ്വാഗതം ചെയ്തിരുന്നു..
രണ്ടു പതിറ്റാണ്ടു മുമ്പ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ചെറിയാൻ ഫിലിപ്പ്, സിപിഐഎമ്മുമായി അകന്നതോടെയാണ് കോൺഗ്രസ്സിൽ തിരികെ എത്തിക്കാൻ നേതാക്കൾ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചെറിയാനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. 

👆മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, നിലപാട് ഇന്ന് തന്നെ സുപ്രീം കോടതിയെ അറിയിക്കും.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, നിലപാട് ഇന്ന് തന്നെ സുപ്രീം കോടതിയെ അറിയിക്കും. മുല്ലപെരിയാറിൽ ജലനിരപ്പ് കൂടിയാലും ഇടുക്കി ഡാമിൽ സംഭരണ ശേഷിയുണ്ട്
തമിഴ്നാട് പരമാവധി വെള്ളം കൊണ്ട് പോകണമെന്നും റോഷി അഗസ്റ്റിൻ.


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേല്‍നോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേല്‍നോട്ടസമിതി ഇന്ന് കോടതിയില്‍ വ്യക്തമാക്കി.

👆ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ആറ് ദിവസം മുമ്പാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ പിന്നീട് ബീഹാറില്‍ നിന്ന് കണ്ടെത്തി. നാല് ലക്ഷം രൂപയ്ക്ക് ഒരു സൈനികന് കുട്ടിയെ വില്‍ക്കുകയായിരുന്നു. ഒരു കുടിലില്‍ നിന്ന് രണ്ട് പേര്‍ ചേരല്‍ന്നാണ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയെ വീണ്ടെടുക്കാനായി ഒരു സംഘത്തെ ബീഹാറിലേക്ക് അയച്ചിട്ടുണ്ട്. സൈനികനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

👆ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഇനി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31 ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കുന്നത്.
സമയബന്ധിതമായി ടെസ്റ്റുകൾ നടത്തുവാൻ കൂടുതൽ ഉദ്യോഗരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ ഉത്തരവ്.

👆അക്രമവും അശ്ലീലവും സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. അറുപത്തേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു നായിഡുവിന്റെ ഈ നിര്‍ദ്ദേശം.
ചലച്ചിത്രം എന്നാല്‍ വലിയ ഒരു വാഹനമാണെന്നും ഇതിന് ഒട്ടേറെ ഉദ്ദേശ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ, ധാര്‍മ്മിക, സന്ദേശങ്ങള്‍ സിനിമ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നവയാകണം സിനിമകള്‍. നല്ല സിനിമയ്ക്ക് ആളുകളുടെ ഹൃദയത്തിലും മനസിലും സ്പര്‍ശിക്കാനാകും. കേവലം വിനോദോപാധിക്കപ്പുറം ആളുകളെ പ്രബുദ്ധരാക്കാനും സിനിമയ്ക്ക് കഴിയണം

👆അഫ്ഗാനോട് കൂറുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് സംഘത്തിന് അമേരിക്കയെ ആറ് മാസത്തിനകം അക്രമിക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി. പെന്റഗണിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അത് കൊണ്ട് തന്നെ നാം അത്യധികം കരുതലോടൈ തുടരണമെന്ന് അമേരിക്കന്‍ പ്രതിരോധ നയ അണ്ടര്‍ സെക്രട്ടറി കോലിന്‍ കഹ്ലല്‍ സെനറ്റ് ആര്‍മ്ഡ് സര്‍വീസസ് കമ്മിറ്റിയെ അറിയിച്ചു.

👆വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നീണ്ടുപോയ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തുറമുഖ വകുപ്പ് കൗണ്ട് ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

👆പ്രവാസികളുടെ പുനരധിവാസത്തിന് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ
ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ഒക്‌ടോബര്‍ 26 വരെ 17,51,852 പ്രവാസിമലയാളികളാണ് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരം തിരികെ എത്തിയിട്ടുള്ളത്.

👆 പ്രായപൂര്‍ത്തിയാ
കാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. രണ്ട് കേസുകളിലായാണ് ഇവരെ വിതുര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 16കാരിയെ പീഡിപ്പിച്ച കേസില്‍ പെരിങ്ങമല സ്വദേശി അമൃതലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസില്‍ വിതുര കല്ലാര്‍ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടന്‍ (54) എന്നിവരെയാണ് വിതുര സി ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

👆ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി സ്ഥാനമൊഴിയുകയാണ്.   ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാന്‍റെ ഡയറക്ടർ സ്ഥാനമാണ് ഒഴിയുന്നത്. അഭിപ്രായ വിരുദ്ധത കണക്കിലെടുത്താണ് ഗാംഗുലി ഈ നീക്കത്തിന് തയ്യാറായത്.പുതിയ ഐപിഎൽ ടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ ഉടമ ആർപി സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹൻ ബഗാന്‍റെയും ഉടമ. അതിനാൽ അഭിപ്രായ ഭിന്നതകൾ സൃഷ്ടിക്കപ്പെടുമെന്നുള്ള കണ്ടെത്തലിലാണ് ഗാംഗുലി  ഡയറക്ടർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.