തിരുവനന്തപുരം: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് (വെളളിയാഴ്ച) രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി സംസ്ഥാനവ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അണക്കെട്ട് തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിലനിര്‍ത്താന്‍ തമിഴ്നാട് സമ്മതിച്ചതായി റോഷി അഗസ്റ്റിന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ജലനിരപ്പ് 138 അടിയില്‍ എത്തിയാല്‍ സ്‌പില്‍ വേ വഴി ജലം ഒഴുക്കികളയും. ഇന്നലെ നടന്ന ഉന്നതതല യോഗം സംബന്ധിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മുല്ലപ്പെരിയാര്‍ തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞിരുന്നു. ഡാം തുറക്കുന്ന വിവരം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും ജില്ലാ ഭരണകൂടം തമിഴ്നാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2018 ലെ പോലെ ഗുരതരമായ സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.