തിരുവനന്തപുരം . ഉമ്മൻചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു നേതാക്കൾ.. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.. നേരത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ്സിലേക്ക് സ്വാഗതം ചെയ്തിരുന്നു..

രണ്ടു പതിറ്റാണ്ടു മുമ്പ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച ചെറിയാൻ ഫിലിപ്പ്, സിപിഐഎമ്മുമായി അകന്നതോടെയാണ് കോൺഗ്രസ്സിൽ തിരികെ എത്തിക്കാൻ നേതാക്കൾ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചെറിയാനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചതിൽ കുറ്റബോധം പ്രകടിപ്പിച്ച ചെറിയാൻ, രക്ഷിതാവായ ജീവിതകാലം മുഴുവൻ ഉമ്മൻചാണ്ടി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ സൂചനകൾ നൽകുന്നതായിരുന്നു ചെറിയാന്റെ പ്രസംഗം. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് തറവാട്ടിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കുവയ്ക്കുന്നത്. പ്രവർത്തകർക്ക് പ്രിയപ്പെട്ട നേതാവാണ് ചെറിയാൻ. ചെറിയാനെ തിരികെ എത്തിക്കാനുള്ള ചർച്ചകൾക്ക് താൻ മുൻകൈ എടുക്കുമെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു..

കോൺഗ്രസ് നേതാക്കൾ പരസ്യമായി ചെറിയാനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തെങ്കിലും ചെറിയാൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുസ്തകം എഴുത്ത് പൂർത്തിയാക്കിയതിനു ശേഷം മനസ്സ് തുറക്കും എന്നായിരുന്നു നേരത്തെ പറഞ്ഞത്. കോൺഗ്രസ് നേതൃത്വം ചെറിയാന് വേണ്ടി വാതിലുകൾ തുറന്നിട്ടതോടെ തന്റെ നിലപാട് ചെറിയാൻ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന