തിരുവനന്തപുരം.സംസ്ഥാനത്ത് നോക്കുകൂലി തടയാൻ വീണ്ടും സർക്കാർ ഇടപെടൽ.. നോക്കുകൂലി തടയാൻ സംസ്ഥാനതലത്തിൽ തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ലേബർ സെക്രട്ടറിയും കമ്മീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. ജില്ലാതലങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും പങ്കെടുക്കുന്ന യോഗങ്ങളും വിളിച്ച് ചേർക്കും.

നോക്കു കൂലിക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.. നോക്കുകൂലി ഇല്ലാതാക്കാനുള്ള സർക്കാർ നടപടികൾക്ക് തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.