തിരുവനന്തപുരം. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, നിലപാട് ഇന്ന് തന്നെ സുപ്രീം കോടതിയെ അറിയിക്കും. മുല്ലപെരിയാറിൽ ജലനിരപ്പ് കൂടിയാലും ഇടുക്കി ഡാമിൽ സംഭരണ ശേഷിയുണ്ട്

തമിഴ്നാട് പരമാവധി വെള്ളം കൊണ്ട് പോകണമെന്നും റോഷി അഗസ്റ്റിൻ.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേല്‍നോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേല്‍നോട്ടസമിതി ഇന്ന് കോടതിയില്‍ വ്യക്തമാക്കി.

2006-ലെ സുപ്രീംകോടതി വിധിയുടെ സാഹചര്യം ഇപ്പോഴും പരിഗണിക്കാനാവില്ല ഇത്ര വര്‍ഷം കഴിഞ്ഞതിനാല്‍ അണക്കെട്ടിന്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും അണക്കെട്ടിന്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

139 അടിക്ക് ജലനിരപ്പ് നിലനിര്‍ത്തണമെന്നും 137 അടിക്ക് മുകളിലേക്ക് ജലനിരപ്പുയര്‍ത്തുന്നത് കേരളത്തില്‍ ആശങ്കയുളവാക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി. ഇന്നലെ ചേര്‍ന്ന മേല്‍നോട്ടസമിതിയുടെ യോഗത്തിലും ഇതേകാര്യം കേരളം ഉന്നയിച്ചിരുന്നു.

ജലനിരപ്പ് കൂട്ടുന്നതിനെ മേല്‍നോട്ടസമിതി അനുകൂലിച്ച സാഹചര്യത്തില്‍ വിശദമായ നോട്ടീസ് നല്‍കാന്‍ സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാളെ ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഉന്നതാധികാര സമിതിയുടെ തീരുമാനം സ്വാഗതാർഹമാണെന്നു് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്. സ്വകാര്യ വ്യക്തി സുപ്രീം കോടതിൽ നൽകിയ ഹർജിയെ തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം ഉന്നതാധികാര സമിതി തീരുമാനമെടുത്തത്.സംസ്ഥാന സർക്കാർ ഇനിയെങ്കിലും അനവധാവനയോടു കൂടി ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.

മുല്ലപെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടും, മുല്ലപെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തൃശൂർ എടത്തിരുത്തി പുളിഞ്ചോടിൽ യുവാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സേവ് കേരള ബ്രിഗേഡ് ചൂലൂർ യൂണിറ്റ് നേതൃത്വത്തിലായിരുന്ന പ്രകടനം.

മുല്ലപെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് വൻ ചർച്ചയാകുകയും, തമിഴ് നാട്ടിൽ പൃഥ്വിരാജിൻ്റെ നിലപാടിനെതിരെ വൻ പ്രതിഷേധവും നടന്നിരുന്നു. ഇതേ തുടർന്നാണ് സേവ് കേരള ബ്രിഗേഡ് ചൂലൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൃഥ്വിരാജിനും, അഡ്വ.റസൽ ജോയിക്കും ഐക്യദാർഡ്യവുമായി രംഗത്തെത്തിയത്.

മുപ്പതോളം യുവാക്കളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി പുളിഞ്ചോട് സെന്‍ററിലായിരുന്നു പ്രതിഷേധം. സുനിൽ ലാലൂർ സമരം ഉദ്ഘാടനം ചെയ്തു.