തിരുവനന്തപുരം .പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തു, ഏറെ വിവാദമായ ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ നടപടി സ്വീകരിച്ച് സി.പി.എം. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.

ഈ വിഷയം പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ നശിപ്പിക്കുന്ന രീതിയില്‍ മാറിയെന്നും ജയചന്ദ്രന് ശരിയായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യാമായിരുന്നെന്നും പാര്‍ട്ടിക്കാകെ പ്രതിരോധത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ നിലപാടെടുത്തു. നേതാക്കള്‍ തന്നെ തിരിഞ്ഞുകൊത്തിയതോടെയാണ് ജയചന്ദ്രന് നില്‍ക്കക്കള്ളിയില്ലാതെയായത്. വിഷയത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ ജയചന്ദ്രന്‍ തന്റെ വാദം അവതരിപ്പിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നും ജയചന്ദ്രന്‍ പറഞ്ഞെങ്കിലും പാര്‍ട്ടി ഇത് അംഗീകരിച്ചില്ല.അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ വലിയ പ്രതിരോധത്തിലായിരുന്നു സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഇനി ഏരിയ കമ്മിറ്റി കൂടി അംഗീകരിക്കണം.