തോട്ടപ്പള്ളി. സി പി എം അംഗത്തിൻ്റെ തിരോധാനത്തിന് പിന്നിൽ സി പി എം പ്രാദേശിക നേതാക്കളെന്ന് കുടുംബം. സജീവനെ കാണാതായിട്ട് 28 ദിവസം പിന്നിടുമ്പോഴും പൊലീസ് കാര്യമായി അന്വേഷണം നടത്തുന്നില്ലെന്ന് ഭാര്യ സജിത മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു

കഴിഞ്ഞ മാസം 29നാണ് സി പി എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗവും തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവുമായി കെ സജീവനെ കാണാതായത്. മത്സ്യത്തൊഴിലാളിയായ സജീവൻ അന്ന് വെളുപ്പിന് കടലിൽ പോയ ശേഷം തിരികെ വന്നില്ല.സജീവനെ കാണാതായതിനെത്തുടർന്ന് മാറ്റി വെച്ച സിപിഎം പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം ഇന്നലെ നടന്നു.

കടലിൽ പോയ സജീവനെ വരേണ്ട സമയം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് 29 ന് രാത്രി തന്നെ കുടുംബം അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. തോട്ടപ്പള്ളി ഹാർബർ റോഡിലൂടെ ഉച്ചയ്ക്ക് 1.08 ന് സജീവൻ നടന്നു പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാണാതായി ഒരു മാസമാകുമ്പോഴും സജീവനെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഒരിക്കൽപ്പോലും മാറി നിൽക്കാത്ത ഭർത്താവ് സ്വമേധയാ വീട് വിട്ടു പോകില്ലെന്നും തിരോധാനത്തിന് പിന്നിൽ പ്രദേശത്തെ സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് സജിത ആരോപിക്കുന്നു

കാണാതാകുന്നതിൻ്റെ തലേ ദിവസം രാത്രി റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ സി.പിഎം പ്രാദേശിക നേതാവ് ദീർഘനേരം സജീവനുമായി സംസാരിച്ചിരുന്നു. മാത്രമല്ല കാണാതാകുന്ന ദിവസം അതിരാവിലെ സജീവൻ്റെ ഫോണിലേയ്ക്ക് മറ്റൊരു പ്രാദേശിക നേതാവിൻ്റെ കോള്‍ രണ്ട് പ്രാവശ്യം വന്നിരുന്നു.

ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പരാതിയിൽ പറഞ്ഞിട്ടും പൊലീസ് ഇതൊന്നും അന്വേഷിക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് അന്വേഷിച്ചിട്ടും ഒരുമാസമായിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കൾ.