👆 കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,762 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,197 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 614 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

👆തൃശൂർ പറവട്ടാനിയിൽ സിഐടിയു പ്രവർത്തകനായ മത്സ്യത്തൊഴിലാളിയായ കരിപ്പാങ്കുളം ഷെമീറിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഒല്ലൂക്കര സ്വദേശികളായ 3 എസ്‌ഡിപിഐ പ്രവർത്തകരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള എസ്‌ഡിപിഐ പ്രവർത്തകനായ അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള മറ്റു 2 പേരുമാണ് അറസ്റ്റിലായത്.
മത്സ്യ വിൽപനക്കിടെയാണ് എസ്‌ഡിപിഐ സംഘം ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്.

👆 സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക മുഴുവനായി നല്‍കാത്തതിന് ജില്ലാ കലക്ടറുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് കോടതി. ജില്ലാ കലക്ടര്‍, എ ഡി എം എന്നിവരുടെതടക്കം അഞ്ച് വാഹനങ്ങള്‍ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. വ്യോമസേനക്കായി ഭൂമി ഏറ്റെടുത്തതില്‍ നഷ്ടപരിഹാര തുക പൂര്‍ണമായി നല്‍കിയില്ലെന്ന പരാതിയിലാണ് നടപടി. ഇന്ന് വൈകുന്നേരത്തോടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു.
കടകംപള്ളി വില്ലേജിലാണ് സംഭവമുണ്ടായത്.

👆തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയായിരുന്നു സംഭവം.
നഗരമധ്യത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ്‌  പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്‌. തുടർന്ന്‌ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക്‌ മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നു.

👆സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ പണിമുടക്കിലേക്ക്.നവംബർ 9 മുതൽ ആണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.മിനിമം ചാർജ് 12 രൂപായാക്കണമെന്നാണ് ആവശ്യം.

👆 തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ കേസെടുത്തു. ‘മ്യൂസിയം പൊലീസാണ് കേസെടുത്തത്. മുരളീധരന്റെ പരാമര്‍ശത്തിനെതിരെ മേയര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. 


മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ‘ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്.’ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

👆കൊണ്ടോട്ടി കൊട്ടൂക്കരയിൽ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയാണ് പ്രതിയെന്നാണ് അറിയുന്നത്. കൊണ്ടോട്ടി ഡി വൈ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമാണ് വിദ്യാര്‍ഥിനി അഭയം തേടിയെത്തിയത്.

👆തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ് ഷിനു അറിയിച്ചു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന എലിപ്പനി, പ്രധാനമായും എലിയുടെ മൂത്രത്തില്‍ നിന്നുമാണ് മനുഷ്യരിലേക്ക് പകരുന്നത്.
എലി മൂത്രത്തില്‍ കൂടി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലെ മുറിവുകള്‍ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷ്മ സ്തരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍, കണ്ണിന് ചുവപ്പുനിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

👆രാജ്യത്ത് കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രാജ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്തവും മഹത്തരവുമായ മാതൃകയാണിതെന്നും രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കാന്‍ ഇത് കാരണമാകുമെന്നും കെജ്‍രിവാള്‍ ചൂണ്ടിക്കാട്ടി .
സര്‍ക്കാര്‍ സ്കൂളുകള്‍ നിലവില്‍ പൂര്‍വാധികം മെച്ചപ്പെട്ടെ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ വര്‍ഷം സ്വകാര്യ സ്കൂളുകളില്‍ നിന്നും 2.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സ്കൂളിലേക്ക് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു .

👆ഏറ്റവും കുപ്രസിദ്ധമായ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാര്‍ വളര്‍ത്തുമൃഗങ്ങളായി കൊണ്ടുവന്ന കൊക്കെയ്ന്‍ ഹിപ്പോകളെ മനുഷ്യരെ പോലെ അംഗീകരിക്കാമെന്ന് യുഎസ് കോടതി.
വളര്‍ത്തുമൃഗങ്ങളായി കൊളംബിയയിലേക്ക് കൊണ്ടുവന്ന ഇവ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഭയാനകമായ വേഗതയില്‍ പ്രജനനം നടത്തുകയും കൊളംബിയന്‍ സസ്യജന്തുജാലങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയായി മാറുകയും ചെയ്തു.

👆അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍ ഭരണകൂടവുമായി ബന്ധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ചൈന. സാമ്പത്തിക വാണിജ്യമേഖലയില്‍ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാന്‍ വേണ്ട എല്ലാ സഹായ വാഗ്ദാനങ്ങളും ചൈന മുന്നോട്ട് വെച്ചതായാണ് സൂചന.
‘അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ചൈന സംതൃപ്തി അറിയിച്ചു. സാമ്പത്തിക വാണിജ്യമേഖലയില്‍ മുന്‍ തീരുമാനമനുസരിച്ച്‌ പരസ്പരം സഹായിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനത്തിലും ചൈന അടിയന്തിര സഹായം നല്‍കിയിരുന്നു’- താലിബാന്‍ വക്താവ് സൈബുള്ള മുജാഹിദ് പറഞ്ഞു.
ദോഹ കേന്ദ്രീകരിച്ച്‌ ചൈനയുമായും ഐക്യരാഷ്‌ട്രസഭാ പ്രതിനിധികളുമായും താലിബാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

👆സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ഹോമിയോ മരുന്ന് വിതരണം ചെയ്തുതുടങ്ങി. കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അക്സ പ്രവീണിന് ആദ്യ ഡോസ് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ആദ്യഘട്ട മരുന്ന് വിതരണം ഒക്ടോബര്‍ 27 വരെയുള്ള ദിവസങ്ങളില്‍ 84 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ ഒന്‍പതു മുതല്‍ നാലു വരെയാണ് വിതരണം.

👆പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നത് വങ്കത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നു.

👆 കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെയിൽവെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് ബിനോയ് വിശ്വം എംപി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും പൂർണമായുംതുറന്ന് കഴിഞ്ഞു. റെയിൽവെ യാത്രാ സൗകര്യങ്ങൾ ഒരു പരിധിവരെ ഉപയോഗിച്ചായിരുന്നു വിദ്യാർത്ഥികളും സാധാരണക്കാരും യാത്ര ചെയ്തിരുന്നത്.

🙏രാജ്യത്തെ 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രസര്‍ക്കാരിന് കൈമാറി.
നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളായി ചേര്‍ത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വാരണാസി, അമൃത്‌സര്‍, ഭുവനേശ്വര്‍, റായ്പൂര്‍, ഇന്‍ഡോര്‍, ട്രിച്ചി തുടങ്ങിയ വിമാനത്താവളങ്ങള്‍ പുതുതായി കൈമാറുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലുണ്ട്.

👆മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.
139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

👆അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ (ഭേദഗതി) ബില്‍, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ സുപ്രധാന ചുവടു വെയ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
നിയമസഭാ മീഡിയാ റൂമില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഗതി ബിൽ നിയമസഭ തിങ്കളാഴ്ച ഏകകണ്ഠമായി പാസാക്കിയിരുന്നു.

👆കാര്‍ പാഞ്ഞുകയറി പച്ചക്കറികച്ചവടക്കാരി മരിച്ചു. നിയന്ത്രണം വിട്ട കാര്‍ പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറി. കടയുടമ ഉദയഗിരി സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ചെമ്ബഴന്തിക്ക് സമീപമാണ് അപകടം നടന്നത്.
റോഡിലേക്ക് തെറിച്ച് വീണ ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ ഓടിച്ചിരുന്ന ചന്ദ്രമോഹനെ ശ്രീകാരൃം പൊലീസ് അറസ്റ്റ് ചെയ്തു.