കൊച്ചി . ഉള്ളി കൃഷി ജോലി ഒടുവില്‍ ഉള്ളിപൊളിച്ചപോലെയാകുമോ, ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷി ജോലിക്കായി അപേക്ഷിക്കാന്‍ ബിരുദവും ബിരുദാനന്തര ബിരുദവും അടക്കം യോഗ്യതയുള്ളവരുടെ തള്ളിക്കയറ്റം. പത്താം ക്ലാസ് മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള ജോലിക്ക് 100 ഒഴിവാണുള്ളത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം 5000 കടന്നുവെന്നാണ് റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് വ്യക്തമാക്കുന്നത്. ഇതോടെ രജിസ്ട്രേഷന്‍ നിര്‍ത്തിവച്ചു.

ആദ്യഘട്ടത്തില്‍ നൂറു പേര്‍ക്കാണ് അവസരം നല്‍കുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അറിയിച്ചു.

ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കരാറടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. 1500 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) ശമ്ബളമാണ് വാഗ്ദാനം.

റിക്രൂട്ട്മെന്റിന്റെ ഭാഗമായി ബുധനാഴ്ച തിരുവനന്തപുരത്തും, വെള്ളിയാഴ്ച എറണാകുളത്തും സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. ജോലി സംബന്ധമായ വിവരങ്ങളും കൊറിയയിലെ സാഹചര്യങ്ങളും വിശദീകരിക്കാനാണ് സെമിനാര്‍. രജിസ്റ്റര്‍ ചെയ്തവരെല്ലാം സെമിനാറില്‍ സംബന്ധിക്കണം. ഇതിനു ശേഷമായിരിക്കും യോഗ്യരെ തെരഞ്ഞെടുക്കുക.

വളരെ തണുപ്പേറിയ കാലാവസ്ഥയാണ് കൃഷിമേഖലയിലേത്. കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ കാര്യങ്ങളെല്ലാം ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തുമെന്നും ഒഡെപെക് എം.ഡി കെ.എ അനൂപ് പറഞ്ഞു.