തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ , കെ മുരളീധരന്‍ എംപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി . അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് ആര്യ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

ആര്യ രാജേന്ദ്രന്റെ പരാതിയില്‍ നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതിന് മ്യൂസിയം പൊലീസ് തീരുമാനമെടുക്കും. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്നും മേയര്‍ പറഞ്ഞു. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌ക്കാരമേ കാണിക്കാനാവൂവെന്നും തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച്‌ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിര്‍ത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരന്‍ ആക്ഷേപിച്ചു. മുരളീധരന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.