തിരുവനന്തപുരം:. ദത്ത് വിവാദത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഷിജു ഖാന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും വെളിപ്ടുത്താന്‍ ഷിജുഖാന് സാധിക്കില്ല എന്ന കാര്യം മുന്‍ നിര്‍ത്തി എല്ലാവരും വേട്ടയാടുന്നു
നിയമപ്രകാരമാണ് ഷിജു ഖാന്‍ കാര്യങ്ങള്‍ ചെയ്തത്. അനുപമയുടെ പരാതി നിയമപരമായി തീര്‍ക്കേണ്ട വിഷയമാണ്. അല്ലാതെ പാര്‍ട്ടിയില്‍ തീര്‍ക്കേണ്ട വിഷയമല്ല. ഷിജു ഖാനെതിരെ നടപടി ആലോചിച്ചിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

അമ്മതൊട്ടിലില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്നാണ് തനിക്ക് ലഭിച്ച വിവരം.
കുഞ്ഞിനെ കട്ടോണ്ട് പോയി എന്ന് പറഞ്ഞ അനുപമ തന്നെ ശിശു ക്ഷേമ സമതിയില്‍ കുഞ്ഞിനെ എത്തിച്ചതാണ് എന്ന് മൊഴി നല്‍കി

കുഞ്ഞിന്റെ ഫോട്ടോ അടക്കം രണ്ട് തവണ പത്ര പരസ്യം കൊടുത്തിരുന്നു. ആരും എതിര്‍പ്പ് അറിയിച്ചിട്ടില്ല. പരാതി നല്‍കാന്‍ അനുപമയോ അജിത്തോ തയാറാകേണ്ടതായിരുന്നു. വീട്ടില്‍ പൂട്ടിയിട്ടെന്നാണ് അനുപമ പറയുന്നത്. അജിത്തിനെ ആരും പൂട്ടിയിട്ടിരുന്നില്ല. കുഞ്ഞിന്റെ കാര്യം ചൂണ്ടിക്കാട്ടി അജിത്തിന് പരാതി നല്‍കാമായിരുന്നു.

കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റിക്ക് അനുപമ പരാതി നല്‍കിയിട്ടില്ല. കുട്ടിയുടെ പിതാവ് അജിത്തും പരാതിയുമായി എത്തിയില്ല. അനുപമയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് എഫ്.ഐ.ആര്‍ എടുക്കണമായിരുന്നു. കുഞ്ഞിനെ കുടുംബത്തിന് തിരികെ കിട്ടണമെന്നും ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.