കുണ്ടറ. കാറിടിച്ച് പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു. ജല്‍പായിഗുരി ഫൗതിയപാറയില്‍ ജസിമുദ്ദീന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സഹജദിന്‍ ആലം (24) ആണ് മരിച്ചത്.
കഴിഞ്ഞ 20-ന് രാത്രി 9.20-ന് പെരുമ്പുഴ ഷാപ്പുമുക്കിന് സമീപംവച്ചായിരുന്നു അപകടം. പെരുമ്പുഴ ഭാഗത്തേക്ക് റോഡിനുവശത്തുകൂടി നടന്നുപോകുമ്പോള്‍ പിന്നില്‍നിന്നെത്തിയ കാറിടിക്കുകയായിരുന്നു.

ഇടിച്ച കാര്‍ നിര്‍ത്താതെപോയി. പരിക്കേറ്റ ആലമിനെ നാട്ടുകാര്‍ കൊല്ലത്തെ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങളില്‍നിന്ന് ഇടിച്ച കാര്‍ കണ്ടെത്തിയ പോലിസ് വാഹനവും ഓടിച്ച ആളിനെയും കസ്റ്റഡിയിലെടുത്തു. കുണ്ടറയിലെ കോഴിക്കടയില്‍ ജീവനക്കാരനായിരുന്നു ആലം. മൃതദേഹം ഞായറാഴ്ച വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.