തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മന്‍ ചാണ്ടി. അന്നും ഇന്നും ചെറിയാന്‍ ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി കേരള സഹൃദയ വേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരദാന ചടങ്ങില്‍ പറഞ്ഞു.

‘പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ എല്ലാര്‍ക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാല്‍, ഞാന്‍ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാന്‍ എതിരെയുള്ള ആളുടെ കാഴ്ചപ്പാടില്‍ കൂടി നോക്കും. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ചെറിയാനോട് വിദ്വേഷമല്ല. എന്തോ ഒരു തെറ്റ് എന്റെ ഭാഗത്ത് വന്നു എന്ന മനോഭാവമായിരുന്നു. ചെറിയാന്‍ ഫിലിപ്പിനെ പോലെയുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ കഴിയുന്ന സീറ്റ് പാര്‍ട്ടിക്ക് കൊടുക്കാന്‍ സാധിക്കാതെ പോയി. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാന്‍ കൂടി ഉള്‍പ്പെടുന്ന സംവിധാനത്തിന്റെ തെറ്റായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ല.”- ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ചെറിയാന്‍ ഫിലിപ്പും രംഗത്തെത്തി. ‘എന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി. ആ രക്ഷകര്‍തൃത്വം ഇനിയും എനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് എന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി.”

ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷത്തെ വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊതുവേദിയിൽ ഇരുവരും ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ടത്. ഒരുതവണ അദ്ദേഹം പുതുപ്പള്ളിയില്‍ ഇടതു പിന്തുണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചിരുന്നു. മറ്റൊരു വേളയില്‍ കെ മുരളീധരനെതിരെയും മല്‍സരിച്ചു. രാഷ്ട്രീയ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചെറിയാന്‍ കടന്നാക്രമിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.