കൊച്ചി.പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിജിപി ലോക്നാഥ് ബഹ്റയുടെയും, ലക്ഷമണയുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോൻസണുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ഐ ജി ലക്ഷമണ മോൻസന് എതിരായ കേസുകൾ അട്ടിമറിയിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തൽ .

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴി ക്രൈബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.മോൻസനുമായി അടുത്ത ബന്ധമാണ് മുൻ പൊലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് ഉണ്ടായിരുന്നത് എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.മോൻസണുമായി യുള്ള ബന്ധം, ബീറ്റ് ബോക്സ് സ്ഥാപിച്ച സാഹചര്യം, മോൻസണിൻ്റെ വീട്ടിലെ സന്ദർശനം എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. മോൻസണുമായി തനിക്ക് അടുത്ത പരിചയം ഇല്ലെന്നും ബീറ്റ് ബോക്സ് സ്ഥാപിച്ചത് നിയമപ്രകാരമെന്നും ബഹ്റ മൊഴി നൽകി.

എന്നാൽ ട്രാഫിക് ഐജി യായിരുന്ന ലക്ഷ്മണയിൽ നിന്ന് വിശദമായ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മോൻസണുമായി ബന്ധപ്പെട്ട ചില കേസുകളിൽ ലക്ഷമണ നേരിട്ട് ഇടപെട്ടതായി അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്. കേസുകൾ അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ചില ഉദ്യോഗസ്ഥരെ പലഘട്ടത്തിൽ വിളിച്ചതായും അന്വേഷണത്തിൽ കണ്ടെത്തീട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത വിശദാംശങ്ങൾ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും.