ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്.    

  വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ എത്തുമ്പോൾ തികഞ്ഞ ശ്രദ്ധ വെച്ചുപുലർത്തിയില്ലെങ്കിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനിടയുണ്ട്. അത് ശാരീരികമായ പരിക്കുകൾക്കും വലിയ ധനനഷ്‍ടം വരുത്തുന്ന വാഹന റിപ്പയറിങ്ങിലേക്കുമൊക്കെ നയിച്ചേക്കും. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം. എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

1.താഴ്ന്ന ഗിയറിൽ വാഹനം ഓടിക്കുക : 
കൂടിയ ഗിയറിൽ വാഹനം ഓടിച്ചാൽ വേണ്ടത്ര വേഗമില്ലെങ്കിൽ വാഹനം ഓഫാക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടിൽ വെച്ച് വാഹനം ഒരിക്കൽ ഓഫായാൽ അത് പിന്നെ സ്റ്റാർട്ടാകാൻ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്പോൾ സെക്കൻഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച് മാത്രം വാഹനമോടിക്കുക

2.ബ്രേക്കിനകത്ത് വെള്ളം കയറിയാൽ

ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
ടയര്‍ വെള്ളത്തില്‍ മുങ്ങുന്ന തരത്തില്‍ വാഹനമോടിയിട്ടുണ്ടെങ്കില്‍ ഇതിനുശേഷം ബ്രേക്ക് പ്രവര്‍ത്തന ക്ഷമമാണോയെന്ന് പരിശോധിക്കണം

3.മിനിമം ആക്സിലറേഷൻ നിലനിർത്തുക : 
വെള്ളക്കെട്ടുകളിൽ കാറുകൾ നിന്നുപോകുന്നതും എഞ്ചിൻ കേടാകുന്നതും പ്രധാനമായും ഒരു കാരണത്താലാണ്. അവയുടെ എക്സോസ്റ്റ് പൈപ്പിലൂടെ വെള്ളം എഞ്ചിനിൽ കേറും. അതോടെ എഞ്ചിൻ നിലയ്ക്കും. അതൊഴിവാക്കാൻ ‘മിനിമം ആക്സിലറേഷൻ ‘ എപ്പോഴും നൽകണം. എങ്കിൽ എക്സോസ്റ്റിലൂടെ  പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും. 


4.എ സി ഓഫാക്കുക.
വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

5.സഡന്‍ ബ്രേക്ക് ചെയ്യരുത് :
മഴക്കാല യാത്രകളില്‍ നനഞ്ഞുകിടക്കുന്ന റോഡില്‍ സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടിലെ കുഴികളില്‍ ടയര്‍ വീണാലുടന്‍ ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് പുകകുഴലില്‍ വെള്ളം കയറാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളത്തില്‍ വാഹനം നിര്‍ത്തിയാല്‍ ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നതും നല്ലതാണ്. 

6. മികച്ച ടയറുകള്‍ ഉറപ്പാക്കുക :
നനഞ്ഞ് കിടക്കുന്ന നിരത്തുകളില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ അതിജീവിക്കാനുള്ള ഗ്രിപ്പ് ടയറുകള്‍ക്കുണ്ടാവണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

7. നേരെ വെള്ളക്കെട്ടിലേക്ക് ഇറക്കരുത്
മുന്നിലെ വാഹനങ്ങൾ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാൻ മുതിരാവൂ.

മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട്, അത്ര ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ വന്ന വഴി യു ടേൺ എടുത്ത് വേറെ വല്ല റൂട്ടിലും പോകുന്നതായിരിക്കും ഉത്തമം. അതാവും വാഹനത്തിന്റെ സുരക്ഷിതത്വത്തിനും നല്ലത്. 

8. ശ്രദ്ധയോടെ പാർക്ക് ചെയ്യുക
ശക്തമായ മഴയുള്ളപ്പോള്‍ വാഹനം മരങ്ങളുടെ താഴെയും വലിയ ഭിത്തികളുടെയും മറ്റും സമീപത്തും പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.   പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക. 

9. ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്
വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്നു പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.

10.മുന്നിൽ പോകുന്ന വാഹനവുമായി അകലം പാലിക്കുക : 
വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഉയരുന്ന ജനനിരപ്പ് അടങ്ങാൻ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാൽ റോഡിൽ വെള്ളത്തിനടിയിൽ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.