തിരുവനന്തപുരം. ഒടുവില്‍ കേരള ജനതയെ ചിന്തിപ്പിക്കാന്‍ അവരിറങ്ങി, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്.125 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ഥിക്കാമന്നും പൃഥ്വിരാജ് പറഞ്ഞു. മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന യുഎന്‍ ഗവേഷക സംഘത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വീണ്ടും സുപ്രിംകോടതിയില്‍ വിഷയം എത്തിയ പശ്ചാത്തലത്തിലാണ് പൃഥ്വിയുടെ പ്രതികരണം. തമിഴ്ജനതയെ പിണക്കാനാവില്ലെന്ന പേരില്‍ പല സെലിബ്രിറ്റികളും മൗനമാചരിക്കുമ്പോഴാണ് പൃഥിയുടെ പ്രതികരണമെന്നതും ശ്രദ്ധേയം.

‘125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്.

നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം,’ പൃഥ്വിരാജ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഭരണം മാറിയത് അനുകൂലഘടകമാണെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരിക്കയാണ്.