👆 ട്വിൻ്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യാ പാകിസ്ഥാൻ മത്സരം.ടോസ് നേടിയ പാകിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി
7 .30 ന് മത്സരം തുടങ്ങി ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം.

👆സംസ്ഥാനത്ത് ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆മോൻസണിന്റെ പക്കലുള്ള തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന എല്ല് പിടികൂടി. വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വനംവകുപ്പാണ് എല്ല് പിടികൂടിയത്. അതിനിടെ മോൻസണിന്റെ മേക്കപ്പ് മാൻ ജോഷിയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ തെളിവായ പെൻഡ്രൈവ് നശിപ്പിച്ചുവെന്ന് മോൻസണിന്റെ മാനേജർ ജിഷ്ണു വെളിപ്പെടുത്തി.

👆 കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ ഉള്‍പ്പെടെ ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ 28 ന് കോടതി പരിഗണിക്കും.
അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, ഭാര്യ സ്മിത, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിങ്ങനെ ആറു പേരാണ് അപേക്ഷ നല്‍കിയത്.

👆അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ സംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് പിബി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് യെച്ചൂരി പറഞ്ഞു. നവംബര്‍ 13, 14 തീയതികളില്‍ നടക്കുന്ന പിബി യോഗത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും സിതാറാം യെച്ചൂരി വ്യക്തമാക്കി.

👆അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോയില്‍ സംസാരിച്ചിട്ടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പിബി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരളഘടകത്തില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ധാരണയെ ശക്തമായി എതിര്‍ത്തുവെന്ന മാധ്യമവാര്‍ത്തകള്‍ തള്ളിയാണ് സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞത്. പിബിയുടെ അനുമതിയോടെ മാത്രമേ ഏത് പിബി അംഗവും സിസിയില്‍ സംസാരിക്കാറുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

👆എഐഎസ്എഫ് വനിതാ നേതാവിനെതിരായ എസ്എഫ്‌ഐ ആക്രമണത്തില്‍ സിപിഐയ്‌ക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. സിപിഐ നേതാക്കള്‍ക്ക് വിഷയത്തില്‍ പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും, നട്ടെല്ല് നഷ്ടമായെന്നുമാണ് സുധാകരന്റെ വിമര്‍ശനം. സിപിഐ വിടാനാഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, കോണ്‍ഗ്രസില്‍ ഏകാധിപതികളില്ലെന്നും സുധാകരന്‍ പറഞ്ഞു.

👆ആര്യൻ ഖാനെതിരായ കേസിൽ ലഹരി മരുന്ന് വിരുദ്ധ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി ഏജൻസിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻ.സി.ബിക്കെതിരെയും ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകൻ കെ പി ഗോസാവിക്കും എതിരെയുള്ള ആരോപണം.

👆സര്‍ക്കാര്‍ ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബസില്‍ കയറിയ മുഖ്യമന്ത്രിയെ കണ്ട് ബസിലെ ജീവനക്കാരും യാത്രക്കാരും അമ്പരന്നു.
കണ്ണകി നഗറിൽ നിന്നാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്. ആറാമത് മെഗാ വാക്സിനേഷന്‍റെ ഭാഗമായി വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായാണ് സ്റ്റാലിന്‍ ബസില്‍ യാത്ര ചെയ്തത്.

👆നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തെ മുൻമന്ത്രിമാർക്കെതിരെ അന്വേഷണം തുടരുന്നതായി കസ്റ്റംസ്. വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഒആർ. നമ്പർ 13 എന്ന നമ്പരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.
കസ്റ്റംസ് ആക്ട് ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ചേർന്ന് ചില മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. സരിത്, സ്വപ്ന എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

👆വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം കുവൈത്ത് പൊലീസ് പട്രോളിംഗ് സംഘം പിടികൂടി. രാത്രിയിലെ പട്രോളിംഗിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. 
കേസില്‍ രണ്ട് പ്രവാസികളാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാല്‍മിയ പൊലീസാണ് നടപടിയെടുത്തതെന്ന് അല്‍- റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

👆കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്റ്റം’ അവാർഡ് കേരളത്തിന് ലഭിച്ചെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഭവനനഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്.
കൊച്ചി മെട്രോ, വാട്ടർമെട്രോ, ഇമൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വർധിപ്പിക്കുവാൻ നടപ്പിലാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്.