തിരുവനന്തപുരം. ദത്ത് വിവാദത്തിൽ വനിതാ ശിശു വികസന ഡയറക്ടർ, ഷിജു ഖാനെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി… ദത്ത് നിയമപരം എന്ന് ഷിജുഖാൻ… നിയമപ്രശ്നം ഉള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഷിജു ഖാൻ വ്യക്തമാക്കി… അതേസമയം നിരന്തരം പരാതി നല്‍കിയിട്ടും, പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത് എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് അനുപമ…


വനിതാ ശിശു വികസന മന്ത്രിയുടെ നിർദ്ദേശാനുസരണമാണ് വനിതാ ശിശു വികസന ഡയറക്ടർ, ഷിജു ഖാനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയത്. ദത്തുമായി ബന്ധപ്പെട്ട നിയമനടപടികൾ അടക്കമുള്ള വിവരങ്ങൾ ഷിജു ഖാനിൽ നിന്നും ആരാഞ്ഞെന്നാണ് വിവരം. ഇക്കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകാനും ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദത്ത് നിയമപ്രകാരം ആയിരുന്നു എന്ന് ഷിജുഖാൻ വ്യക്തമാക്കി.

നിയമപ്രശ്നം ഉള്ളതിനാൽ പ്രതികരിക്കുന്നില്ലെന്നും ഷിജുഖാൻ പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് ഷിജുഖാൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുന്നത്. വിവാദം പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കി എന്ന പൊതുവിലയിരുത്തലാണ് സിപിഐഎം നേതൃത്വത്തിന് ഉള്ളത്. ഷിജുഖാനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്ത് വരുന്നതിന് ഇടയിലാണ് ഷിജു ഖാനെ ഡയറക്ടർ വിളിച്ചുവരുത്തിയത് എന്നതും ശ്രദ്ധേയം. അതേസമയം, പോലീസ് ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് അനുപമ.

വിവാദത്തിന് പിന്നാലെ വകുപ്പുതല അന്വേഷണമടക്കം ആരംഭിച്ച സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുക്കാനാണ് സാധ്യത.