തിരുവനന്തപുരം. സി പി ഐ നേതാക്കള്‍ക്ക് നട്ടെല്ലുണ്ടോ , എംജി യൂണിവേഴ്‌സിറ്റി വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

ഒരു സിപിഐ നേതാവിന് പോലും പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്നും സുധാകരന്‍ വിമര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ലെങ്കില്‍ അത് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെയും സുധാകരന്‍ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ ഏകാധിപതികള്‍ ഇല്ല. സിപിഐ വിട്ട് എത്തുന്നവര്‍ക്ക് ഗുണ്ടകള്‍ വില പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.

എസ്എഫ്ഐ നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയര്‍ത്തിയത്. എംജി സര്‍വകാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി.