ശിശുക്ഷേമ സമിതി നടത്തിയ ദത്ത് നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് , അനുപമ സമരം നിര്‍ത്തി.

  

നിയമ പരമായ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കും.
പരിഹരിക്കാന്‍ കേസില്‍ സമഗ്രപരിശോധന നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.കുഞ്ഞിനെ അനുപമക്കു തന്നെ ലഭിക്കണം. കുഞ്ഞ് അമ്മക്കു ഒപ്പം വളരുന്നത് തന്നെയാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു.
അനുഭാവ പൂര്‍വമായ സര്‍ക്കാര്‍ തീരുമാനത്തെതുടര്‍ന്ന സമരം അവസാനിപ്പിക്കുന്നതായി അനുപമ പറഞ്ഞു.

👆ഓണ്‍ലൈന്‍ ഗണിതശാസ്ത്ര അധ്യാപകന്‍ അറസ്റ്റിലായതോടെ രണ്ട് കൊലപാതക കേസുകള്‍ക്ക് തുമ്പുണ്ടായെന്ന് പഞ്ചാബ് പൊലീസ്. നൈട്രജന്‍ വാതകം ഉപയോഗിച്ചാണ് പ്രതി രണ്ട് കൊലപാതകങ്ങളും നടത്തിയത്. ഒരു മാസത്തിനിടെ ആയിരുന്നു കൊലപാതകങ്ങള്‍.
സ്വന്തം ഭാര്യയെയും കാമുകിയെയുമാണ് നവീന്ദര്‍ പ്രതിപാല്‍ സിങ് എന്ന പ്രതി കൊലപ്പെടുത്തിയത്. ഭട്ടിന്‍ഡയിലെ ചുപീന്ദര്‍ പാല്‍ കൗര്‍ എന്ന യുവതിയെ ഈ മാസം പതിമൂന്നിനാണ് നാല്‍പ്പതുകാരനായ അധ്യാപകന്‍ കൊലപ്പെടുത്തിയത്. ഇവരുടെ വിവാഹത്തിന് കേവലം ഒരാഴ്ച മാത്രം ശേഷിക്കെ ആയിരുന്നു ഈ കൊലപാതകം.

👆 കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,430 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8775 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 725 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

👆ഉള്ളിയിൽ നിന്ന് പടരുന്ന സാൽമൊണല്ല എന്ന അപൂർവ രോഗം യുഎസിൽ പടരുന്നതായി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേർക്കാണ് രോഗം ബാധിച്ചു ചികിത്സയിലാണ്. ഇതുവരെ മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണ് രോഗത്തിൻറെ ഉറവിടം കണ്ടെത്തിയത്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് ഈ വിവരം പുറത്തു വിട്ടത്.

👆 സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്‍മേല്‍ വനിത ശിശുവികസന വകുപ്പ് രണ്ട് നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിലൊന്ന് ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അതനുസരിച്ചുള്ള തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു.
രണ്ടാമത്തേത് നിയമപരമായ നടപടിയാണ്. അനുമപയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി വഞ്ചിയൂര്‍ കോടതിയില്‍ അവസാനഘട്ടത്തിലാണ്. അനുപമയുടെ ആവശ്യം സംബന്ധിച്ചും കുഞ്ഞിനെ ലഭിക്കുന്നത് സംബന്ധിച്ചും സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം വകുപ്പ് അന്വേഷണം നടത്തുന്ന വിവരവും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

👆എം ജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എഐസ്എഫ് പ്രവർത്തകർക്കെതിരെ ഉള്ള എസ്എഫ്ഐ ആക്രമണം ജനാധിപത്യ സമൂഹത്തിന് അപമാനമെന്ന് എഐവൈഎഫ്. എഐവൈഎഫ് ജില്ലാ സമ്മേളനത്തിലാണ് എസ്എഫ്ഐക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.
ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത മനസിലാക്കാൻ കഴിയാത്ത ഒരാൾക്കൂട്ടം മാത്രമായി എസ്എഫ്ഐ അധപതിച്ചതിന്റെ തെളിവാണ് എം ജി സർവ്വകലാശാല തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടായത്.

👆ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത്  നാട് കടത്തുന്ന പോലുള്ള അത്യന്തം മനുഷ്യത്വഹീനമായ കൃത്യങ്ങള്‍ക്കും ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാതാവില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. മാതൃത്വത്തെപ്പോലും പിച്ചി ചീന്താന്‍ ഒരു മടിയുമില്ലെന്ന അവസ്ഥയിലായിരിക്കുന്നു. അനുപമയോട് സി.പി.എമ്മും ശിശു ക്ഷേമ സമിതിയും കാട്ടിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.

👆തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം.
ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബർ 12 നാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബർ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവൽ റിലീസിനെത്തും.

👆യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യൂത്ത്‌ലീഗില്‍ വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കുന്നത് അടുത്ത തവണ പരിഹരിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വനിത അംഗങ്ങൾ ഇല്ലാത്തതിനാലാണ് ഭാരവാഹിത്വത്തില്‍ ഇല്ലാത്തതെന്നും വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്നും പി.എം.എ സലാം പറഞ്ഞു.
യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് വിപുലീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഭാരവാഹിസ്ഥാനത്തേക്ക് അഷ്‌റഫലി അടക്കം നിരവധി പേരുടെ പേര് ഉയര്‍ന്നുവന്നെന്നും പി.എം.എ സലാം പറഞ്ഞു.
പുനഃസംഘടിപ്പിച്ചു.

👆പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കണമെന്ന് ഉത്തരവ്. തടയണക്ക് മുകളിൽ കെട്ടിയ റോപ് വേയാണ് പൊളിക്കേണ്ടത് . 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.
മലപ്പുറം കോഴിക്കോട് അതിർത്തിയിൽ ചീങ്കണ്ണിപ്പാലിയിലെ വനഭൂമിയോട് ചേർന്നുള്ള സ്ഥലത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഊർങ്ങാട്ടിരി പഞ്ചായത്തിന്‍റെ നടപടി.

.👆 മധ്യകേരളത്തിലെ മലയോര മേഖലയില്‍ വീണ്ടും കനത്ത മഴ. ദിവസങ്ങള്‍ക്ക് കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് ശേഷം വ്യാപക മഴയുണ്ടായത്. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളായ മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെല്ലാം മഴ തുടരുന്നതായാണ് വിവരം.

👆മുണ്ടക്കയത്തിനടുത്ത് വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ആളപായങ്ങൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വണ്ടന്‍പതാലില്‍ മണ്ണിടിച്ചിലുമുണ്ടായതായാണ് വിവരം.
മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങൡ വെള്ളം കയറി. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കുട്ടിക്കലിലും കനത്ത മഴയാണ്.

👆പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡര്‍ പൂനവാല അടക്കമുള്ളവര്‍ പങ്കെടുത്തു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പര്‍വിന്‍ പവാറും യോഗത്തില്‍ പങ്കെടുത്തു.
രാജ്യം 100 കോടി ഡോസ് വാക്‌സിന്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ 68,48,417 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വാക്‌സിന്‍ 101.3 കോടി(1,01,30,28,411). രാവിലെ ഏഴ് മണി വരെയുള്ള കണക്കാണ് ഇത്.

👆94-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നവാഗത സംവിധയകന്‍ പി.എസ് വിനോദ്‌രാജ് ഒരുക്കിയ ചിത്രമാണ് കൂഴങ്കല്‍. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്.
സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. 2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

👆മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി 142 അടിയാണ്. നിലവില്‍ ഓരോ സെക്കന്റിലും ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. 2150 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
അതേസമയം, ജലനിരപ്പ് 136ല്‍ എത്തുമ്പോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.