ഇടുക്കി.ശക്തമായ നീരൊഴുക്ക് മൂലം മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു.
നിലവില്‍ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.
തമിഴ്നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
136 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. ഇത് 142 അടിയിലെത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.

142 അടിയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം ഡാമിലെ അനുവദനീയമായ പരമാവധി സംഭരണശേഷി. സാധാരണഗതിയില്‍ 136 അടിയില്‍ ജലനിരപ്പ് എത്തുമ്‌ബോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കണം.
തമിഴ്നാടാണ് ആദ്യ മുന്നറിയിപ്പ് നല്‍കേണ്ടത്. അതേസമയം ഇടുക്കിയില്‍ പല സ്ഥലങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി ഇപ്പോഴും തുടരുകയാണ്.
മലയോര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.