കോട്ടയം. എം ജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എഐസ്എഫ് പ്രവർത്തകർക്കെതിരെ ഉള്ള എസ്എഫ്ഐ ആക്രമണം ജനാധിപത്യ സമൂഹത്തിന് അപമാനമെന്ന് എഐവൈഎഫ്. എഐവൈഎഫ് ജില്ലാ സമ്മേളനത്തിലാണ് എസ്എഫ്ഐക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.

ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത മനസിലാക്കാൻ കഴിയാത്ത ഒരാൾക്കൂട്ടം മാത്രമായി എസ്എഫ്ഐ അധപതിച്ചതിന്റെ തെളിവാണ് എം ജി സർവ്വകലാശാല തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടായത്. മത്സരിക്കാനെത്തിയ എഐഎസ്എഫ് പ്രവർത്തകരെ അതിക്രൂരമായി മർദ്ദിക്കുകയും എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ ജാതി പേര് വിളിച്ച് അപമാനിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത സംഭവം കേരളീയയ സമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും ഏറെ അപമാനകരമാണ്.

ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആൾക്കൂട്ടം മാത്രമായ എസ്എഫഐക്ക് ഇടതുപക്ഷം എന്നത് ഒരു ലേബൽ മാത്രമാണ്. അക്രമത്തെ തള്ളി പറയാതെ അക്രമകാരികളെ ന്യായീകരിക്കുകയാണ് .എസ്എഫ്ഐ ചെയ്യുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ഈ സമീപനം തിരുത്താൻ നേതൃത്വം തയ്യാറാവണം. എസ്എഫ്ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നും എസ്എഫ്ഐയുടെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രമേയം എഐവൈഎഫ് ജില്ല സമ്മേളനത്തിലെ ഔദ്യോഗിക പ്രമേയം ചൂണ്ടിക്കാട്ടി. എഐവൈഎഫ് ജില്ല ജോയിന്റ് സെക്രട്ടറി അഡ്വ. സുജിത്ത് പ്രമേയം അവതരിപ്പിച്ചു.