ദത്തെടുക്കൽ വിവാദത്തിൽ അമ്മ അനുപമയും ഭർത്താവ് അജിത്തും നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം. ദത്തെടുക്കൽ വിവാദത്തിൽ അമ്മ അനുപമയും ഭർത്താവ് അജിത്തും നിരാഹാര സമരം തുടങ്ങി…കുഞ്ഞിനെ നഷ്ടമായി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം… കുഞ്ഞിനെ തിരികെ കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് അനുപമ പറഞ്ഞു.


നൊന്തുപ്രസവിച്ച കുഞ്ഞിനെ കണ്ടെത്താനും തിരികെ കിട്ടാനുമാണ്, ഒരമ്മയ്ക്ക് ഭരണസിരാ കേന്ദ്രത്തിന് മുന്നിൽ സമരമിരിക്കേണ്ട ഗതികേട്. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് സമരം. നീതി ലഭിക്കും വരെ നിയമപരമായ പോരാട്ടം തുടരുമെന്ന് അനുപമ പറയുന്നു. മറ്റൊരാൾക്കും തന്റെ അവസ്ഥ ഉണ്ടാകരുത്. സഹായിക്കേണ്ട സമയത്ത് പാർട്ടിയോ, നിയമസംവിധാനങ്ങളോ സഹായിച്ചില്ലെന്നും അനുപമ പറയുന്നു.

ദത്തെടുക്കൽ നടപടികൾ കഴിഞ്ഞുപോയ ഒരു കുഞ്ഞിനെ തിരികെ കിട്ടില്ലെന്നാണ് നേരത്തെ അധികൃതർ പറഞ്ഞത്. ഇപ്പോൾ കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ ഒരു കമ്മീഷനിലും, വാഗ്ദാനങ്ങളിലും വിശ്വാസമില്ല. കോടതിയിലൊഴികെ.

നിരാഹാരസമരത്തിന് കിട്ടുന്ന പ്രതികരണമനുസരിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കാനാണ് അനുപമയുടെയും അജിത്തിന്റെയും തീരുമാനം.