👆 കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,72,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8874 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

👆മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന് നടക്കും. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചതാണ് ഈ വിവരം.
ഒക്‌ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു.

👆കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. കെ റെയിലടക്കം കേരളത്തിലെ റെയില്‍വേ മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. കെ റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ വായ്പകളുടെ കടബാധ്യതയില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര റയില്‍വെ മന്ത്രി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചതയാണ് വിവരം.

👆കോഴിക്കോട്ട് ഹാഷിഷ് ഓയിലുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് പി ആര്‍ രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ് (24) എന്നിവരാണ് നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് പ്രതികളെ പിടികൂടിയത്. ഹരികൃഷ്ണയുടെ കൈവശമുണ്ടായിരുന്ന ബാഗിലാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.’ സംഘമെത്തിയ സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു.

👆 പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ഒല്ലൂക്കര സ്വദേശി ഷെമീർ (38) ആണ് മരിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണെന്ന് പറയപ്പെടുന്നു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല.

👆 രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനസംഘടന വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

👆രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പൊതുജനങ്ങളുടെ തുക സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടില്‍ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം നടന്നതിന് പിറകെയാണ് മെയറുടെ പ്രതികരണം. കൗണ്‍സിലര്‍മാര്‍ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു.

👆സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കും. തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.


നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക.

👆സിനിമാ ചിത്രീകരണത്തിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്‌സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം.
ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

👆ഇടുക്കി ഡാമിൽ ഇന്നലെ രാത്രി പ്രഖ്യാപിച്ച റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലേർട്ടിലേക്ക് എത്തി. ഡാമിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലേർട്ട് പിൻവലിച്ചത്. 
റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയിൽ എത്തിയപ്പോഴാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നില്ല. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ അടച്ചു.

🙏ഇടുക്കിയിൽ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ്.
അതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.45 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ മുല്ലപ്പെരിയാറിൽ ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിക്കും.

👆സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ഓറഞ്ച് അലേർട്ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിർദേശം.

👆തമിഴ്‌നാടിന്റെ
തെക്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പുലർത്തണണെന്നാണ് നിർദേശം. 

👆തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 27,36,57,684 രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ 717 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. അടുത്തിടെ രണ്ട് ഐസിയുകളിലായി 100 ഐസിയു കിടക്കകൾ സജ്ജമാക്കിയിരുന്നു. എസ്‌എടി ആശുപത്രിയിൽ പീഡിയാടിക് കാർഡിയാക് സർജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി.

👆റഷ്യന്‍ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 12 പേര്‍ മരിച്ചെന്ന് എമര്‍ജന്‍സീസ് മന്ത്രാലയം സ്ഥിരീകരിച്ചു. നാല് പേരെ കാണാനില്ല. സാങ്കേതിക തകരാര്‍ മൂലമാണ് പൊട്ടിത്തെറിയെന്നും റിപ്പോർട്ടില്‍ പറയുന്നു.
എന്നാല്‍ 16 പേരാണ് മരിച്ചതെന്നും ഒമ്പത് പേരെ കാണാനില്ലെന്നും ടാസ് ന്യൂസ് ഏജന്‍സി റിപോര്‍ട് ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. ദക്ഷിണകിഴക്ക് മോസ്‌കോയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

👆കാറിടിച്ച് കുതിരയ്ക്ക് ഗുരുതരപരുക്ക്. വെള്ളിയാഴ്ച രാവിലെ 8 30 ഓടെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിലായിരുന്നു അപകടം.നബിദിന ആഘോഷങ്ങൾക്ക് വേണ്ടി കൊല്ലക ഭാഗത്തേക്ക് കൊണ്ടുപോയിരുന്ന കുതിര രാവിലെ തിരികെ കൊണ്ടുവരുന്നതിനിടയിൽ കുതറി ഓടുകയായിരുന്നു എന്ന് പറയപ്പെടുന്നു.
ദേശീയപാത വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് ഓടിവന്ന കുതിര കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ എഴുന്നേൽക്കാൻ വയ്യാത്ത നിലയിൽ രക്തത്തിൽ കുളിച്ച്കിടക്കുകയായിരുന്നു കുതിര.

👆നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചത്. സരിത്താണ് കേസിൽ ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ കേസിൽ 29-ാം പ്രതിയാണ്.

👆ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം കോടതിയിൽ നൽകിയത്. സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും എം.ശിവശങ്കറിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

👆 അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നിലപാടിനെ തള്ളി അനുപമയും അജിത്തും. ആനാവുർ നാഗപ്പൻ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ നടന്നത്. തന്റെ കുഞ്ഞിനെ കണ്ടെത്തി തരുകയല്ല പാർട്ടിയുടെ ജോലി എന്ന് പറഞ്ഞ് ആനാവുർ നാഗപ്പൻ ദേഷ്യപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.


സിപിഎം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയും ഇല്ലെന്നു അനുപമയും അജിത്തും വ്യകത്മാക്കി. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ആനാവൂർ നാഗപ്പനെ സമീപിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്ന് അനുപമയും അജിത്തും ആരോപിച്ചു. ആനാവൂർ നാഗപ്പൻ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അനുപമ പറഞ്ഞു.

👆വ്യാജ പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്റെ മാവുങ്കലിന്റെ മസാജ് പാര്‍ലറില്‍ ഒളിക്യാമറയെന്ന് വെളിപ്പെടുത്തല്‍. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടന്നു വന്ന മസാജ് പാര്‍ലറിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്. പ്രായ പൂര്‍ത്തിയാകും മുമ്പ് തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കലൂരിലെ വീട്ടില്‍ എട്ടോളം സിസിടിവി ക്യാമറകളുണ്ടെന്നും, പല ഉന്നതരും മസാജിങ്ങിനായി ഇവിടെ എത്തിയിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

👆വടക്കന്‍ മുംബൈയിലെ പരേലില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയില്‍ നിന്ന് ചാടിയ അരുണ്‍ തിവാരി എന്ന ആള്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലെ തീ അണയ്ക്കുന്നതിനുളള ശ്രമങ്ങള്‍ തുടരുകയാണ്. മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍, മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ ഐ എസ് ചഹല്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

👆വാക്‌സിനേഷന്‍ നിര്‍ണായനേട്ടം കൈവരിച്ചത് ഓരോഭാരതീയന്റേയും നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നൂറുകോടി വാക്‌സിന്‍ പൂര്‍ത്തിയാക്കിയിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തോട് സംസാരിക്കുകരയായിരുന്നു അദ്ദേഹം. നൂറുകോടി ഡോസ് വാക്‌സിന്‍ നല്‍കാനായത് അസാധാരണ നേട്ടമാണ് രാജ്യത്തിന്റെ മികവിന്റെ ഉദാഹരണമാണ്. ഇന്ത്യയുടെ വാക്‌സിനേഷന്‍ .
യജ്ഞത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. .ഇന്ത്യയെ പരിഹസിച്ചവര്‍ക്കുള്ള ഉത്തരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു

👆ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സംഘം തിരിഞ്ഞു നടന്ന സംഘര്‍ഷത്തില്‍ കത്തിക്കുത്തേറ്റ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു.കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിനീതും അപകടനിലയിലാണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നില്‍ ഇരു വിഭാഗത്തിലെയും സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കുത്തേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോള്‍ അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചിരുന്നു.